ഷാർജ> രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 2024 അവസാനത്തോടെ പുതിയ മൂന്ന് നയങ്ങൾ നടപ്പിലാക്കുമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോക്ടർ മുഹമ്മദ് ഹമദ് അൽ കുവൈത്തി സ്ഥിരീകരിച്ചു. നൂതന സാങ്കേതികവിദ്യയുടേയും, നിർമ്മിത ബുദ്ധിയുടേയും ആഗോള കേന്ദ്രം എന്ന നിലയിൽ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ഈ നയങ്ങൾ ലക്ഷ്യമിടുന്നത്.
"ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഡാറ്റാ സുരക്ഷയും", "ഇൻറർനെറ്റ് ഓഫ് തിംഗ്സ് സെക്യൂരിറ്റി", "സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുകൾ" എന്നിവയാണ് പുതിയ നയങ്ങളിൽ ഉൾപ്പെടുന്നത്. ക്വാണ്ടം സിസ്റ്റങ്ങൾക്ക് അനുസൃതമായി ഡാറ്റ ട്രാൻസ്മിഷൻ സുരക്ഷിതമാക്കുന്നതിനുള്ള "എൻക്രിപ്ഷൻ" നിയമത്തിനായുള്ള എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ 2024 അവസാനത്തോടെ പുറപ്പെടുവിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പൊതു-സ്വകാര്യ മേഖലകളുമായി പ്രാദേശിക അന്തർദേശീയ പങ്കാളിത്തം രൂപപ്പെടുത്താൻ സഹായിക്കുന്ന നിയമങ്ങളും നയങ്ങളും കൊണ്ട് യുഎഇയെ ഈ മേഖലയുടെ ഒരു ആഗോള ഡാറ്റ ഹബ്ബായി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. യുഎഇയിലെ ഡിജിറ്റൽ പരിവർത്തനം ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, വ്യോമയാനം തുടങ്ങി ഒട്ടുമിക്ക തന്ത്രപ്രധാന മേഖലകളും അടങ്ങുന്നതാണ് എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ വിശദീകരിച്ചു. ഡാറ്റ ചോർച്ച, ഐഡൻറിറ്റി മോഷണം, ബൗദ്ധിക സ്വത്തവകാശ ലംഘനം, അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷാ ഡിജിറ്റൽ രേഖകളുടേയും ലംഘനം തുടങ്ങിയ ഭീഷണികളിൽ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാക്കർമാരെ തടയുകയും തിരിച്ചറിയുകയും ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..