സലാല > ദോഫാർ ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷൻ ഒക്ടോബർ 2 ന് സലാലയിലെ അൽ മുറൂജ് തിയേറ്ററിൽ ഉദ്ഘാടനം ചെയ്യപ്പട്ടു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിൻ്റെയും ഒമാനി തിയേറ്റർ അസോസിയേഷൻ്റെയും സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഒക്ടോബർ 9 വരെ നീളും. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ, നിരവധി പ്രമുഖർ പങ്കെടുത്തു.
ദോഫാറിൻ്റെ സാംസ്‌കാരിക പ്രയാണത്തിൽ ഈ മേള സുപ്രധാന പങ്കുവഹിക്കുന്നതായി ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസാനി പറഞ്ഞു. വിവിധരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സർഗ്ഗാത്മക സൃഷ്ടികൾ പ്രദർശിപ്പിക്കാൻ മേള അരങ്ങൊരുക്കുമെന്നും, സർഗാത്മക ചിന്തയുടേയും, സാംസ്ക്കാരിക പ്രവർത്തനങ്ങളുടേയും ദീപശ്ശിഖ ഉയർത്തിപ്പിടിക്കാൻ ദോഫാറിന് എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിൽ രംഗ കലയുടെ പ്രാധാന്യം ഗസ്സാനി ഊന്നിപ്പറഞ്ഞു. സുൽത്താനേറ്റിൻറെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനൊപ്പം, മേളയുടെ വിജയം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകാൻ ദോഫാർ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മേളയുടെ ഭാഗമായ വിവിധ കലാപ്രവർത്തനങ്ങൾ, മേളയിൽ പങ്കെടുക്കുന്ന പ്രമുഖ കലാകാരന്മാരെക്കുറിച്ചുള്ള വിവരണങ്ങൾ, മത്സരങ്ങളുടെ മൂല്യനിർണ്ണയ പ്രക്രിയയുടെ വിശദീകരണം എന്നിങ്ങനെ വിവിധ ദൃശ്യ അവതരണങ്ങൾ ഉദ്ഘാടനച്ചടങ്ങിൻറെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. ഇതിനു പുറമേ, രാജ്യത്തിനകത്തും പുറത്തുമുള്ള നിന്നുമുള്ള നിരവധി കലാകാരന്മാരെ രംഗ കലകൾക്ക് നൽകിയ സംഭാവനകളുടെ പേരിൽ ആദരിക്കുന്ന ചടങ്ങും നടന്നു.
ഗ്രാൻഡ് ഷോ, പബ്ലിക് തിയേറ്റർ ഷോ, കുട്ടികളുടെ തിയേറ്റർ ഷോ, സ്ട്രീറ്റ് തിയറ്റർ, ഓപ്പൺ തിയറ്റർ സ്പേസുകൾ, ഡ്യുവോ തിയേറ്റർ, മോണോഡ്രാമ എന്നിങ്ങനെയാണ് ആറു വിഭാഗങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള 350 കലാകാരന്മാർ പങ്കെടുക്കുന്ന, 35 രംഗാവതരണങ്ങൾ മേളയിലുണ്ടാകും. അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് യുവ നാടക പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ള മൂന്ന് പരിശീലന സെഷനുകളും സംഘടിപ്പിക്കപ്പെടും. ഒമാൻ്റെ നാടക പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കാനും ആഗോള നാടക സംസ്കാരവുമായി സമന്വയിപ്പിക്കാനും ലോകമെമ്പാടുമുള്ള നാടക സംഘങ്ങളെ ആകർഷിച്ചുകൊണ്ട് സാംസ്ക്കാരിക-പൈതൃക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും, രംഗ കലാമേഖലയിൽ സാംസ്കാരിക വിനിമയം സുഗമമാക്കാനും മേള ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..