22 December Sunday

വിൻഡോസ് തകരാർ: എത്തിഹാദ് എയർവേയ്‌സും എമിറേറ്റ്‌സും സാധാരണ നിലയിൽ പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

Photo: X

ദുബായ്> വിൻഡോസ് സാങ്കേതിക തകരാർ നിലനിൽക്കുമ്പോഴും എത്തിഹാദ് എയർവേയ്‌സും എമിറേറ്റ്‌സും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പ്രവർത്തനങ്ങളിൽ കാലതാമസം പ്രതീക്ഷിക്കാമെന്നു രണ്ട് എയർലൈനുകളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

യാത്രക്കാരുടെയും, അതിഥികളുടെയും ജോലിക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് എയർ ലൈനുകൾ വ്യക്തമാക്കി. ആഗോള ഐടി തകരാർ സംബന്ധിച്ച് ബോധവാന്മാരാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റും ആപ്പും പരിശോധിക്കാവുന്നതാണ്.
 
ദുബായ് ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ മൈക്രോസോഫ്ട് തകരാർ ബാധിച്ചെങ്കിലും നിലവിൽ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് തടസ്സങ്ങൾ നേരിടുന്നില്ലെന്നു അധികൃതർ അറിയിച്ചു. അതെ സമയം യുഎഇ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് സിസ്റ്റങ്ങളെയും ബാധിച്ച ആഗോള സാങ്കേതിക പ്രശ്നം സ്ഥിരീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ച ആഗോള സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ സേവനം ഉൾപ്പെടെ തടസ്സം നേരിട്ടിട്ടു. പ്രശ്നം പരിഹരിക്കുന്നത് വരെ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഉപയോക്താക്കൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.

ഇലക്ട്രോണിക് സിസ്റ്റങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന സാങ്കേതിക പ്രശ്‌നത്തെക്കുറിച്ച് ക്രൗഡ്‌സ്ട്രൈക്ക് സോഫ്റ്റ്‌വെയർ ഉപയോക്താക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേഷൻസ് അതോറിറ്റി അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് വിൻഡോസിന്റെ പ്രവർത്തനം തകരാറിലായത്. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ ഒരു സോഫ്റ്റ്‌വെയറും അപ്‌ഡേറ്റ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ടിഡിആർഎ പ്രോഗ്രാമിൻ്റെ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top