കുവൈത്ത് സിറ്റി > കുവൈത്തിൽ കഴിഞ്ഞ ആഴ്ച അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അംഗീകാരം നൽകിയ പുതിയ താമസ നിയമം അനുസരിച്ച് കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും. ഇത് ഉടൻ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ കുടുംബ സന്ദർശന വിസകൾക്ക് ഒരു മാസത്തെ കാലാവധിയാണ് അനുവദിക്കുന്നത്. ബിസിനസ് സന്ദർശന വിസകൾക്ക് മൂന്ന് മാസവും. ഭാര്യ, മക്കൾ, തൊട്ടടുത്ത ബന്ധുക്കൾ മുതലായ വിഭാഗങ്ങളാണ് കുടുംബ സന്ദർശന വിസയുടെ പരിധിയിൽ ഉൾപ്പെടുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷം മാർച്ച് മാസം മുതലാണ് കർശന ഉപാധികളോടെ ഒരു മാസത്തെ കാലാവധിയിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചത്.
നിലവിലെ വിസ ഫീസുകളിൽ വർദ്ധനവ് വരുത്തുമെന്നും,നൽകുന്ന സേവനങ്ങൾക്കനുസരിച്ച് വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികൾക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്തിലേക്കുള്ള സന്ദർശന ഫീസ് നിർണ്ണയിക്കുക. ഇതിനായി വിദേശകാര്യമന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണ്. സന്ദർശന വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമങ്ങൾ ശിക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘകരെ 'സഹേൽ' ആപ്ലിക്കേഷൻ വഴി മുന്നറിയിപ്പ് നൽകുകയും, സന്ദർശകർ രാജ്യത്ത് നിന്ന് പുറത്തുകടന്നില്ലെങ്കിൽ, അവരെ വിളിച്ചുവരുത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.സന്ദർശന വിസ പുനരാരംഭിച്ച കഴിഞ്ഞ 9 മാസത്തിനിടയിൽ രാജ്യത്ത് എത്തിയ എല്ലാ സന്ദർശകരും കൃത്യമായി തിരിച്ചു പോയതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിദഗ്ദരായ പ്രവാസി തൊഴിലാളികൾ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിവർക്ക് 10 വർഷവും നിക്ഷേപകർക്ക് 15 വർഷവും താമസ രേഖ അനുവദിക്കും.വിസകച്ചവടക്കാർക്ക് പുറമെ വിസ വാങ്ങുന്നവരും ശിക്ഷാർഹരാണ്. വിസക്ക് വേണ്ടി പണം നൽകുന്നത് 1000 ദിനാർ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവ് ശിക്ഷയുയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതുൾപ്പെടെയുള്ള റെസിഡൻസി ചട്ടങ്ങൾ ചൂഷണം ചെയ്യുന്നവർക്ക് പുതിയ താമസ നിയമം കഠിനമായ പിഴ ചുമത്തുന്നു. തൊഴിലുടമകളെയോ റിക്രൂട്ടർമാരെയോ വിസ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും, ന്യായീകരണമില്ലാതെ പേയ്‌മെൻ്റുകൾ വൈകിപ്പിക്കുന്നതിനോ തൊഴിലാളികളെ അവരുടെ കരാറുകളിൽ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത ആവശ്യങ്ങൾക്ക് നിയമിക്കുന്നതിനോ പുതിയ താമസ നിയമത്തിൽ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..