22 December Sunday

ആദ്യത്തെ സംയുക്ത ഹൃദയ, ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ദുബായ് > എം42 ഗ്രൂപ്പിൻ്റെ ഭാഗമായ ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയിൽ യുഎഇയിലെ ആദ്യത്തെ ഹൃദയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു . ആരോഗ്യ വകുപ്പിൻ്റെ പിന്തുണയോടെയാണ് പൾമണറി ഹൈപ്പർടെൻഷൻ ബാധിച്ച 56 കാരിയായ എമിറാത്തി യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കഠിനമായ പൾമണറി ഹൈപ്പർടെൻഷനുള്ള രോഗിയുടെ ഹൃദയത്തിൻ്റെ വലിപ്പവും പെറ്റൈറ്റ് ഫ്രെയിമും കാരണം ഹൃദയവും ഇരട്ട ശ്വാസകോശവും മാറ്റിവയ്ക്കൽ ആവശ്യമായിരുന്നു. രോഗിയുടെ അവസ്ഥ മരുന്നുകളോട് പ്രതികരിക്കുന്നത് നിർത്തുകയും സങ്കീർണ്ണമായ ശസ്ത്രക്രിയാ ഇടപെടൽ ആവശ്യമായി വരികയും ചെയ്തതായി കൺസൾട്ടൻ്റ് പൾമണോളജിസ്റ്റും ശ്വാസകോശ മാറ്റിവയ്ക്കൽ പ്രോഗ്രാമിൻ്റെ മെഡിക്കൽ ഡയറക്ടറുമായ ഡോ. ഫാദി ഹമദ് പറഞ്ഞു. കാർഡിയോളജി, ഹാർട്ട് ഫെയിലിയർ ടീം, പൾമണോളജി, തൊറാസിക് സർജറി, കാർഡിയാക് സർജറി, കാർഡിയാക് ഇൻ്റൻസീവ് കെയർ, കാർഡിയാക് അനസ്തേഷ്യ എന്നിവ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി ടീം ശസ്ത്രക്രിയയുടെ ഭാ​ഗമായിരുന്നു.

2017ൽ മനുഷ്യാവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള ദേശീയ പരിപാടി ആരംഭിച്ചതിന് ശേഷം അബുദാബിയിൽ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പിലെ ഹെൽത്ത് കെയർ വർക്ക്ഫോഴ്സ് പ്ലാനിംഗ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റഷീദ് ഉബൈദ് അൽസുവൈദി വ്യക്തമാക്കി. 2017മുതൽ 47 ശ്വാസകോശ മാറ്റിവയ്ക്കലും 23 ഹൃദയം മാറ്റിവയ്ക്കലും ഉൾപ്പെടെ 700-ലധികം ട്രാൻസ്പ്ലാൻറുകളാണ് ക്ലീവ്‌ലാൻഡ് ക്ലിനിക്  നടത്തിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top