ദുബായ് > മലയാളം മിഷൻ പ്രഥമ ജിസിസി ഭാഷാ പുരസ്കാരം "എസ്കേപ് ടവർ"നോവലിന്. മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രഥമ ജിസിസി പ്രവാസി ഭാഷാ പുരസ്‌കാരത്തിന് പി മണികണ്ഠൻ എഴുതിയ "എസ്കേപ് ടവർ"എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കൃതിക്കാണ് ഈ പുരസ്കാരം നൽകുന്നത്.
ഫലകവും പ്രശസ്തി പത്രവു മടങ്ങുന്ന അവാർഡ് മസ്കറ്റിൽ വെച്ച് അരങ്ങേറിയ അക്ഷരം 2024 സാംസ്കാരികോത്സവത്തിൽ വെച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, പി മണികണ്ഠന് സമ്മാനിച്ചു. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങി കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഡിസി ബുക്സ് 2023 നവമ്പറിൽ പ്രസിദ്ധീകരിച്ച എസ്കേപ് ടവർ നോവൽ മൂന്നാം പതിപ്പിലെത്തി നിൽക്കുകയാണ്.
കേരള സാഹിത്യ അക്കാദമിയിൽ വെച്ചു നടന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനാണ് എസ്കേപ് ടവറിന്റെ പ്രകാശനം നിർവ്വഹിച്ചത്. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത സംവാദങ്ങൾ ഈ നോവലിനെ ആസ്പദമാക്കി നിലവിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. പ്രവാസത്തിന്റെ ഉപരിതലങ്ങളിലൂടെ കേവലമായി കടന്നു പോകുന്ന ഒന്നല്ല എസ്കേപ് ടവർ എന്നും മറിച്ചു അതിന്റെ വിവിധ അടരുകൾ സൂക്ഷ്മ മനനങ്ങൾക്കു വിധേയമാക്കി പ്രവാസ ലോകത്തിന്റെ രാഷ്ട്രീയ ചരിത്ര സാമൂഹിക സാമ്പത്തിക ചലനങ്ങളെ കൃത്യമായടയാളപ്പെടുത്തുന്ന ഫിക്ഷ ണൽ ഡോക്കുമെന്റേഷനാണ് പി.മണികണ്ഠൻ നടത്തിയിരിക്കുന്നതെന്നു അവാർഡ് നിർണ്ണയ സമിതി വിലയിരുത്തിയതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയ "മലയാളിയുടെ സ്വത്വാന്വേഷണങ്ങൾ" മിഡ്‌ഡിൽ ഈസ്റ്റിലെ നിരവധി അംഗീകാരങ്ങൾ ലഭിച്ച "പുറത്താക്കലിന്റെ ഗണിതം" തുടങ്ങിയവയാണ് ഇതിനു മുമ്പ് പി മണികണ്ഠൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..