മസ്‌കത്ത് > വർണ്ണ കാഴ്ചകളുടെ വിസ്‌മയമൊരുക്കാനായി പ്രഥമ മസ്‌കത്ത് ഫ്‌ളവർ ഫെസ്റ്റിവൽ വരുന്നു. കാഴ്ച്ച വസന്തത്തിന്റെ അത്ഭുതം സൃഷ്ടിക്കാൻ ഈ മാസം ആരംഭിക്കുന്ന മസ്‌കറ്റ് നൈറ്റ്‌സിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിലാണ് ഫ്ലവർ ഫെസ്റ്റിവൽ നടക്കുക. ഫ്രാൻസ്, നെതർലാൻഡ്‌സ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഫ്‌ളവർ ഡിസൈനർമാരുടെയും ഒമാനിലെ പ്രാദേശിക ഡിസൈനർമാരുടെയും കലാ വൈഭവം ഫെസ്റ്റിവലിൽ കാണാം. വേൾഡ് അസോസിയേഷൻ ഓഫ് ഫ്‌ളോറൽ ആർട്ടിസ്റ്റുകളിൽ അംഗമാകുന്ന ജിസിസിയിലെ ആദ്യത്തെ രാജ്യമാണ് ഒമാൻ.
സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ടീമാണ് ഫ്‌ളവർ ഷോ അണിയിച്ചൊരുക്കുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷ രാവുകളുമായെത്തുന്ന മസ്‌കറ്റ് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 23 മുതൽ ജനുവരി 21 വരെയാണ് മസ്‌കറ്റിന്റെ സായാഹ്നങ്ങളെ മനോഹരമാക്കുന്ന മസ്‌കറ്റ് നൈറ്റ്‌സ് നടക്കുക. നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്, സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ വിവിധ വേദികളിലായാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുന്നത്.
ഖുറം നാച്ചുറൽ പാർക്കിൽ ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. നല്ല കാലാവസ്ഥയും ആഘോഷമാക്കാൻ കൂടുതൽ വിസ്മയങ്ങളും എത്തുന്നതോടെ ഉറക്കമില്ലാത്ത രാവുകളായിരിക്കും കാത്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..