ജിദ്ദ > കൊറോണവൈറസ് ബാധിച്ച് സൗദിയിലെ ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചുക്കണ്ടി അബ്ദുല്‍ സലാം(58), കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. ഇവരടക്കം ഏഴ് ഇന്ത്യക്കാരാണ് തിങ്കളാഴ്ച സൗദിയില്‍ മരിച്ചത്.
കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. അബ്ദുല്‍ സലാമും പറശ്ശീരി ഉമ്മറും ജിദ്ദയില്‍ അബ്ഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലാണ് മരിച്ചത്. അബ്ദുല്‍ സലാം ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാന്‍ ആദ്യ വാരത്തിലാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സാംസങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഉമര്‍. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഇല്ല്യാസിന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം സ്വദേശി ഷംസുദ്ധീന്‍ കിലോ പതിനാലിലെ സാഗള്‍ ആശുപത്രിയിലാണ് മരിച്ചത്.
കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ തിങ്കളാഴ്ച ഒന്‍പത് പേരാണ് മരിച്ചത്. ഇതോടെ മരണം 399 ആയി. 2235 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 74,795 ആയി. ഇതില്‍ 45,668 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..