ദുബായ് > ജൈറ്റെക്സ് ഗ്ലോബൽ എക്സിബിഷന്റെ 44ാം എഡിഷന് തുടക്കം. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിക്കുള്ള വാതിലാണ് ദുബായ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ മുഖ്യപ്രഭാഷണം നടത്തി. എഐയെ ഒരു പ്രധാന സാമ്പത്തിക സാമൂഹിക പരിവർത്തന ചാലകമായി സ്വീകരിക്കുന്നതിനുള്ള യുഎഇയുടെ സജീവമായ സമീപനത്തിന് ഊന്നൽ നൽകികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
പവലിയൻ്റെ ഓർഗനൈസിംഗ് ബോഡിയായ ഡിജിറ്റൽ ദുബായ്ക്കൊപ്പം 45ലധികം സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പവലിയനിലൂടെ ദുബായ് സർക്കാരിന് ജൈറ്റെക്സിൽ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഈ സാങ്കേതികവിദ്യയുടെ നിർണായക പ്രാധാന്യം എടുത്തുകാണിച്ചു ദുബായ് സർക്കാരിന്റെ പവലിയനിനുള്ളിൽ ഡിജിറ്റൽ ദുബായ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി ഒരു പ്രത്യേക സോൺ തയ്യാറാണ്. ബിസിനസ് പ്രവർത്തനങ്ങൾ, സേവനങ്ങൾ, സർക്കാർ പരിപാടികൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ ദുബായിയുടെ തന്ത്രത്തിന് ഈ സംരംഭം നിർണായകമാണ്.
ഇന്ത്യൻ ഐസിടി കയറ്റുമതിക്കാരുടെ പരമോന്നത സംഘടനയായ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ (ഇഎസ്‌സി) ബാനറിൽ 12 പവലിയനുകളിലായി ഇന്ത്യയിൽ നിന്നുള്ള 100-ലധികം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) കമ്പനികൾ ജൈറ്റെക്സ് ഗ്ലോബലിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, മൊബിലിറ്റി, സുസ്ഥിര സാങ്കേതികവിദ്യകൾ, ഫിൻടെക്, ബാങ്കിംഗ് സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഹൈടെക് ഉൽപ്പന്നങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ദുബായ് വേൾഡ് ട്രേഡ് സെൻ്റർ, ദുബായ് ഹാർബർ എന്നീ രണ്ട് വേദികളിലായി നടക്കുന്ന പരിപാടിയിൽ 6,500-ലധികം ആഗോള പ്രദർശകർ പങ്കെടുക്കും.180 രാജ്യങ്ങളിൽ നിന്നുള്ള 200,000 ടെക്, ബിസിനസ് എക്സിക്യൂട്ടീവുകളെയാണ് രാജ്യം സ്വാഗതം ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..