മസ്‌ക്കറ്റ് > ആരോഗ്യ മന്ത്രാലയത്തിൻ്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഡെങ്കിപ്പനിക്കുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ഒക്ടോബർ 29, 30 തീയതികളിൽ മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള 180-ലധികം വിദഗ്ദ്ധന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു.
മസ്‌കറ്റ് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ഗൾഫ് സഹോദര രാഷ്ടങ്ങളിലെയും, ഈജിപ്ത്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഡബ്ല്യുഎച്ച്ഒ, യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, ആരോഗ്യ മേഖലയിൽ നിന്നുള്ള മറ്റു സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
ഈഡിസ് ഈജിപ്തി കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ ഗവേഷണങ്ങളും നൂതനരീതികളും സമ്മേളന പ്രതിനിധികൾ ചർച്ച ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യുക, കൊതുകു നിവാരണ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയും പരിഗണയിലുണ്ടെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..