കുവൈത്ത് സിറ്റി > 26-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കുവൈത്ത്. 21 മുതൽ ജനുവരി 3 വരെയാണ് മത്സരങ്ങൾ. ടൂർണമെന്റിന്റെ ഒരുക്കം ഇൻഫർമേഷൻ മന്ത്രിയും സാംസ്‌കാരിക യുവജനകാര്യ മന്ത്രിയുമായ അബ്ദുൽ റഹ്‌മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. നേരത്തെ 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970 ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. പങ്കെടുക്കുന്ന ടീമുകൾ വൈകാതെ കുവൈത്തിലെത്തും. അർദിയ ജാബിർ സ്റ്റേഡിയം, സുലൈബിഖാത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ടൂർണമെന്റിനുള്ള പരിശീലന സ്റ്റേഡിയങ്ങളിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ (എ.ജി.സി.എഫ്.എഫ്) അംഗം താരിഖ് അൽ കന്ദരി പറഞ്ഞു. മത്സരം നടക്കുന്ന ജാബിർ സ്റ്റേഡിയം ചാമ്പ്യൻഷിപ്പിന് പൂർണ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളും ഇവിടെ നടക്കുമെന്നും ടൂർണമെന്റിന്റെ ഉന്നത സംഘാടക സമിതി അംഗം കൂടിയായ അൽ കന്ദരി പറഞ്ഞു. യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത ആധുനിക സ്റ്റേഡിയങ്ങളിൽ ഒന്നാണ് ജാബിർ സ്റ്റേഡിയമെന്നും അദ്ദേഹം വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിനായി സുരക്ഷ, ഗതാഗതം, അടിയന്തര പദ്ധതികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ടൂർണമെന്റിൽ ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കും. ആതിഥേയരായ കുവൈത്ത് , യുഎഇ, ഒമാൻ, ഖത്തറും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലും , ഇറാഖ്, സൗദി അറേബ്യ, ബഹ്‌റൈൻ, യെമൻ എന്നിവർ ഗ്രൂപ്പ് ബിയിലും ഉൾപ്പെടുന്നു .
അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വിൽപ്പന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാത്രമാണെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളെയും അക്കൗണ്ടുകളെയും കുറിച്ച് ആരാധകർക്ക് അസോസിയേഷൻ മുന്നറിയിപ്പും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..