15 October Tuesday

അതിവേഗം ബഹുദൂരം; ഹഫീത് റെയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മസ്ക്കറ്റ് > ഹഫീത് റെയിൽ നെറ്റ്‌വർക്ക് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ അതിവേഗം മുന്നോട്ടു നീങ്ങുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഒമാനിലെ സോഹാർ പോർട്ട് മുതൽ എമിറേറ്റ്സിലെ അബുദാബി വരെയാണ്‌ നിർദ്ദിഷ്ടപാതയുടെ രൂപരേഖ. ഒമാൻ-യു എ ഇ സംയുക്ത സംരംഭമായ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി കരാറുകളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

ഹെവി ലോക്കോമോട്ടീവുകൾക്കും, കൺസൾട്ടൻസി സേവനങ്ങൾക്കുമായുള്ള രണ്ടു സുപ്രധാന കരാറുകൾക്കാണ്‌ ഇന്നലെ ധാരണാപത്രം ഒപ്പുവച്ചത്. മേഖലയിലെ പാരിസ്ഥിതിക പ്രത്യേകതകളും, കാലാവസ്ഥയും മറ്റും കണക്കിലെടുത്ത് സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകി ലോക്കോമോട്ടീവുകൾ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം വിലയിരുത്തി, ഈ രംഗത്തെ പ്രമുഖ അമേരിക്കൻ നിർമ്മാതാക്കളായ പ്രോഗ്രസ്സ് റെയിലുമായി ഹഫീത് റെയിൽ ധാരണാപത്രം ഒപ്പിട്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചരക്കു ബോഗികൾ ഉൾപ്പെടുത്തി, അത്യന്താധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന ഒരു റെയിൽവേ ശൃഖലയായിരിക്കും ഇതെന്ന് ഹഫീത് റെയിൽ സി ഇ ഒ അഹമ്മദ് അൽ മുസാവ അൽ ഹഷ്മി പറഞ്ഞു.

ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും പശ്ചിമേഷ്യയ്ക്കുള്ള ആഗോള പ്രാധാന്യവും, മേഖലയിലെ സാമ്പത്തിക വളർച്ചയിൽ യു എ ഇ യുടെ വിലപ്പെട്ട സംഭാവനകളും തിരിച്ചറിഞ്ഞു കൊണ്ടാണ്‌ ഈ പ്രോജക്ടിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്നും, ഒമാനും യു എ ഇ യും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈ പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രോഗ്രസ് റെയിൽ പ്രസിഡന്റും സി ഇ ഒ യുമായ ജോൺ ന്യൂമാൻ പറഞ്ഞു. ജി സി സിയിലുള്ള ബിസിനസ് പങ്കാളികളുമായി ദൃഢബന്ധമാണ്‌ തങ്ങൾക്കുള്ളതെന്നും പതിറ്റാണ്ടുകളായി മേഖലയിൽ വിവിധ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെടുന്നവരാണ് പ്രോഗ്രസ്സ് റെയിൽ എന്നും ന്യൂമാൻ കൂട്ടിച്ചേർത്തു.

സംയുക്ത റെയിൽ ശൃംഖലയുടെ പുതിയ ഫ്ലീറ്റിൽ വ്യത്യസ്ത തരത്തിലുള്ള ചരക്കുകൾ വഹിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ബൃഹത്തായ പവർ എഞ്ചിനുകളാണുള്ളത്. ഉയർന്ന അളവിലുള്ള സാമഗ്രികൾ, കണ്ടെയ്‌നറുകൾ, പെട്രോകെമിക്കൽസ്, ലോഹ ഉൽപ്പന്നങ്ങൾ, മറ്റ് വ്യാവസായിക ചരക്കുകൾ എന്നിവ വഹിക്കുന്ന ഇരുപത്തിയേഴ് ബോഗികൾ ഉൾപ്പെടുന്ന ട്രെയിന്‌ ഏകദേശം രണ്ടു കിലോമീറ്റർ നീളമുണ്ടാകും. കാർബൺ ഉൽസർജ്ജനം കുറച്ചു കൊണ്ട്, പരമാവധി പാരിസ്ഥിതികാഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നൂതന സാങ്കേതിക സംവിധാനങ്ങൾ ഹഫീത് റെയിൽ സജ്ജീകരിച്ചിട്ടുണ്ട്. പൾസ് ആന്റ് സാൻഡ് സംവിധാനം ഉൾപ്പടെയുള്ള നൂതന ഫിൽട്രേഷൻ സംവിധാനങ്ങൾ ഉദാഹരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ്‌ നിലവിൽ ഒപ്പുവയ്ക്കപ്പെട്ട കരാറുകളെന്നും, ഇരു രാജ്യങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ജി സി സിയിലെ ആദ്യ റെയിൽ ശൃഖലയുടെ സമയബന്ധിതമായ പൂർത്തീകരണമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

 സംയുക്ത റെയിൽവേ ശൃംഖലയ്‌ക്കായി അഡ്മിനിസ്ട്രേറ്റീവ്, എഞ്ചിനീയറിംഗ് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് പൊതുഗതാഗതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഫ്രഞ്ച് എഞ്ചിനീയറിംഗ്, കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയെ നിയമിച്ചതായും ഹഫീത് റെയിൽ അറിയിച്ചു. കരാറുകൾ കൈകാര്യം ചെയ്യുക, കരാറിൽ ഏർപ്പെട്ട കക്ഷികളുടേയും വിതരണക്കാരുടേയും പ്രകടനങ്ങൾ വിലയിരുത്തുക, പരിസ്ഥിതികവും ആരോഗ്യപരവും സുരക്ഷാസംബന്ധിയായതുമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുനതിനാവശ്യമായ സാങ്കേതിക പിന്തുണ നൽകുക, പ്രോജക്ട് ഷെഡ്യൂൾ നിയന്ത്രിക്കുക, നിരീക്ഷിക്കുക, എൻജിനീയറിംഗ് ഡിസൈനുകൾ വിലയിരുത്തുക,പദ്ധതി നിർവ്വഹണത്തിന്‌ മേൽനോട്ടം വഹിക്കുക, എല്ലാത്തരത്തിലുമുള്ള ടെസ്റ്റിംഗ് പ്രക്രിയകൾക്കും ശേഷം പദ്ധതിയുടെ നിർവ്വഹണഘട്ടത്തിലേക്ക് നയിക്കുക തുടങ്ങി സമഗ്രമായി പദ്ധതി കൈകാര്യം ചെയ്യുക എന്ന സുപ്രധാനമായ ഉത്തരവാദിത്വങ്ങളാണ്‌ സിസ്ട്രയിൽ അർപ്പിതമായിരിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

എൺപത് രാജ്യങ്ങളിലായി ആറു പതിറ്റാണ്ടു കാലം പ്രവർത്തനപാരമ്പര്യമുള്ള സിസ്ട്രയെ സാങ്കേതിക ഉപദേഷ്ടാക്കളായി ലഭിച്ചതിലൂടെ, അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതിയായി ഇത് മാറിക്കഴിഞ്ഞുവെന്ന് ഒമാനിലെ ആഗോള ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക് പ്രൊവൈഡറും ഹഫീത് റെയിൽ ബോർഡ് അംഗവുമായ അസിയാദ് ഗ്രൂപ്പ് അസറ്റ് മാനേജ്‌മെൻ്റ്  ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അൽ ബുലൂഷി പറഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധേയമായ തങ്ങളുടെ വൈദഗ്ധ്യം യു.എ.ഇ-ഒമാൻ റെയിൽ നെറ്റ്‌വർക്ക് പ്രോജക്റ്റിലും ആവർത്തിക്കാൻ ഹഫീത് റെയിലുമായുള്ള പങ്കാളിത്തം വഴിതെളിക്കുമെന്ന് സിസ്‌ട്ര യു എ ഇ - യൂറോപ്പ് മേഖലാ വൈസ് പ്രസിഡന്റ് ജീൻ ക്രിസ്‌റ്റോഫ് ചുന്യൗവ്ദ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

 ഹഫീത് റെയിൽ നെറ്റ്‌വർക്ക്  പ്രോജക്ടിന്റെ ഭാഗമായ സുപ്രധാന ധനസഹായ കരാറിൽ ഹഫീത് റെയിൽ കമ്പനി കഴിഞ്ഞ വാരം ഒപ്പു വച്ചിരുന്നു. ഒമാനിലെയും എമിറേറ്റ്സിലേയും പ്രധാന ബാങ്കുകൾക്കു പുറമേ, പ്രാദേശികവും അന്തർദേശീയവുമായ നിരവധി ധനകാര്യസ്ഥാപനങ്ങളും വായ്പാസഹായം നൽകുന്ന ഈ പ്രൊജക്ടിന്റെ ആദ്യ ഗഡുവായ 577 മില്യൺ ഒമാനി റിയാലിന്റെ കരാറാണ്‌ ഒപ്പുവയ്ക്കപ്പെട്ടത്. എത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മൊഹമെദ് ബിൻ സയെദ് അൽ നഹ്യാന്റെ രക്ഷാകർത്വത്തിൽ നടന്ന അഗോള റെയിൽ ഗതാഗത എക്സിബിഷനിലാണ്‌ ഒപ്പുവയ്ക്കൽ പ്രഖ്യാപനം നടന്നത്.

ഏകദേശം 961 മില്യൺ റിയാൽ മൊത്തം ചെലവായി കണക്കാക്കപ്പെടുന്ന ഇത്തരമൊരു പ്രോജക്ടിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ ധാരാളം സാമ്പത്തിക ധാതാക്കൾ ഇതിലേക്കായി സമ്പത്തിക പിന്തുണ നൽകാൻ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന്‌ കമ്പനി വൃത്തങ്ങൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top