19 September Thursday

അഞ്ച് ലക്ഷത്തിലധികം ഇലക്ട്രോണിക് അപേക്ഷകൾ പൂർത്തിയാക്കി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്

വിജേഷ് കാർത്തികേയൻUpdated: Wednesday Aug 7, 2024

അബുദാബി> 2024 ൻ്റെ ആദ്യ പകുതിയിൽ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യൽ സേവനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് ലക്ഷത്തിലധികം ഇലക്ട്രോണിക് അപേക്ഷകൾ പൂർത്തിയാക്കിയതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി)അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകൾക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക്, ഡോക്യുമെൻ്റേഷൻ സേവനങ്ങൾ ഉൾപ്പെടുന്ന 69,487അപേക്ഷകളും എഡിജെഡി കൈകാര്യം ചെയ്തു.

ക്രിമിനൽ കോടതികൾ 78,388 വിധികൾ പുറപ്പെടുവിച്ചു. പബ്ലിക് പ്രോസിക്യൂഷൻ 22,000 ശിക്ഷാ ഉത്തരവുകൾ പുറപ്പെടുവിക്കുകയും 111,501 കേസുകൾ പരിഹരിക്കുകയും ചെയ്തു. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ 11,155 കേസുകളും അബുദാബി വാണിജ്യ കോടതിയിൽ 10,149 കേസുകളും അബുദാബി ലേബർ കോടതിയിൽ 1,848 കേസുകളും ഫയൽ ചെയ്തു, ശരാശരി പൂർത്തീകരണ നിരക്ക് 98% കൈവരിച്ചതായി റിപ്പോർട്ട് വിശദമാക്കി.

ജുഡീഷ്യൽ സേവനങ്ങളിൽ 40,254 നോട്ടറി പബ്ലിക് ഇടപാടുകൾ, 26,593 ഡോക്യുമെൻ്റേഷൻ ഇടപാടുകൾ, ഡിജിറ്റൽ വിവാഹ കരാറുകളുമായി ബന്ധപ്പെട്ട 2,640 ഇടപാടുകൾ എന്നിവ പൂർത്തിയായതായി റിപ്പോർട്ട് കാണിക്കുന്നു. ഇതര തർക്ക പരിഹാരവുമായി ബന്ധപ്പെട്ട് മധ്യസ്ഥത, അനുരഞ്ജനം, കുടുംബ മാർഗ്ഗനിർദ്ദേശ കേന്ദ്രങ്ങൾ 12,518 വ്യവഹാരങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 5,968 കേസുകൾ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും പൂർത്തിയാക്കി, 7,854 തർക്കങ്ങൾ കുടുംബ മാർഗനിർദേശത്തിലൂടെയും കുടുംബ തർക്കങ്ങൾക്കായി 8,446 സൗഹാർദ്ദപരമായ ഒത്തുതീർപ്പിലൂടെയും പരിഹരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top