ഷാർജ > സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ സ്ക്രീനിങ്ങിന് യുഎഇ മന്ത്രാലയം മാർഗനിർദേശം നൽകി. ആരോഗ്യ പ്രതിരോധ മന്ത്രാലയം, വിദ്യാഭ്യാസം, സാമൂഹിക അധികാരികൾ എന്നിവരുടെ പങ്കാളിത്തത്തോടെ കിൻഡർ ഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള വിദ്യാർത്ഥികളുടെ ആരോഗ്യ, ശാരീരിക സ്ഥിതികൾ തിരിച്ചറിയുന്നതിനാണ് സ്ക്രീനിംഗ്.
ഏകീകൃത സമീപനവും വ്യക്തമായ സമയക്രമവും ആരോഗ്യവിദഗ്ധർക്ക് നിർദ്ദേശിച്ചു കൊണ്ട് ആരോഗ്യ സേവനത്തിന് രാജ്യവ്യാപകമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ വികസന അവസ്ഥകൾ നേരത്തെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ഓരോ വിദ്യാർത്ഥിയുടേയും മെഡിക്കൽ ചരിത്രം അപ്ഡേറ്റ് ചെയ്യുക, ഉയരം, ഭാരം, ബോഡിമാസ് ഇൻഡക്സ് തുടങ്ങിയ വളർച്ച സൂചകങ്ങൾ വിലയിരുത്തുക, വാർഷിക സ്കൂൾ ആരോഗ്യ പരീക്ഷകൾ നടത്തുക എന്നിവയോടൊപ്പം കാഴ്ചയ്ക്കുള്ള സ്ക്രീനിങ്ങും വാക്സിനേഷൻ നിലയുടെ അവലോകനവും ഇതിൽ ഉൾപ്പെടുന്നു. സമഗ്രമായ ശാരീരിക വിലയിരുത്തലിനോടൊപ്പം സ്കോളിയോസിസ് കണ്ടെത്തൽ, ശ്രവണ പരിശോധന, ദന്ത പരിശോധന, മാനസിക ആരോഗ്യ വിലയിരുത്തൽ, പത്തു വയസ്സിന് മുകളിലുള്ള കുട്ടികളുടെ പുകവലി ശീലങ്ങൾ നിരീക്ഷിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു
ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായി പൊതു സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ സ്ക്രീനിങ് ഫലങ്ങളുടെ ദേശീയ ഡാറ്റാ ബേസ് സ്ഥാപിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് രാജ്യത്തുടനീളമുള്ള എല്ലാ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക അധികാരികളും സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യമന്ത്രാലയത്തിലെ കുടുംബാരോഗ്യ വകുപ്പ് മേധാവി ഡോക്ടർ സുആദ് അൽ അവാർ ഊന്നിപ്പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..