28 December Saturday

ടെല്‍ അവീവിന് നേരെ വീണ്ടും ഹൂതി മിസൈല്‍; ഒന്‍പത് പേര്‍ക്ക് പരിക്ക്

അനസ് യാസിന്‍Updated: Friday Dec 27, 2024

മനാമ > മധ്യ ഇസ്രയേല്‍ നഗരമായ ജാഫ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ അഭയം തേടി ഓടുന്നതിനിടെ ഒമ്പത് ഇസ്രായേല്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെ പലസ്തീന്‍ 2 എന്ന ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് അധിനിവേശ ടെല്‍ അവീവിലെ യാഫ പ്രദേശത്ത് ഇസ്രായേല്‍ സൈനിക ലക്ഷ്യത്തെ വിജയകരമായി ആക്രമിച്ചതായി ഹുതി മിലിഷ്യ വക്താവ് യഹിയ സാരി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമ പ്രതിരോധം തടഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.

മിസൈല്‍ വരുന്നതറിഞ്ഞ് ടെല്‍ അവീവില്‍ മുന്നറിയിപ്പ് സൈറണ്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ലക്ഷകണക്കിന് ആളുകള്‍ ഷെല്‍ട്ടറുകളിലേക്ക് മാറി. അഭയത്തിനായി പരിഭ്രാന്തരായ ഓടുന്നതിനിടെയാണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതെന്ന് പൊതു ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ഭാഗങ്ങള്‍ നഗരത്തിലെ പല ഫ്‌ളാറ്റുകളിലും പതിച്ചു.

തുടര്‍ച്ചയായ രണ്ടാമത്തെയും ഒരാഴ്ചയ്ക്കുള്ളില്‍ നാലാമത്തെയും ഹൂതി ആക്രമണമാണ് നടന്നതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വഴ്ച ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ വെടിവെച്ചിട്ടിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍, ഹൂതികള്‍ ഇസ്രായേലിന് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും  വിക്ഷേപിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇതില്‍ ശനിയാഴ്ച നടന്ന ഹൈപര്‍സോണിക് മിസൈല്‍ ആക്രമണം വന്‍ നാശനഷ്ടമാണ് ടെല്‍ അവീവില്‍ ഉണ്ടാക്കിയത്. ഇസ്രയേലിന്റെ ത്രിതല വ്യോമ പ്രതിരോധത്തിന് ഈ മിസൈല്‍ തടയാനായില്ല. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു.

ജാഫയിലെയും അഷ്‌കെലോണിലെയും സൈനിക ലക്ഷ്യങ്ങളിലേക്ക് രണ്ട് യുദ്ധ ഡ്രോണുകള്‍ വിക്ഷേപിച്ചതായി തിങ്കളാഴ്ച ഹൂതികള്‍ അറിയിച്ചിരുന്നു. ഗാസ മുനമ്പിലെ അധിനിവേശ യുദ്ധം അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലി ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് യഹിയ സാരി പറഞ്ഞു.ടെല്‍ അവീവിലെ താമസക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറിയതിനെ ഹൂതി നേതാവ് ഹിസാം അല്‍ അസാദ് എക്‌സില്‍ പരിഹസിച്ചു. നാല്‍പ്പത് ലക്ഷം ആളുകള്‍ക്ക് എത്രനാള്‍ അഭയകേന്ദ്രങ്ങളില്‍ കഴിയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അരലക്ഷത്തിനടുത്ത് ജനങ്ങള്‍ കൊല്ലപ്പെട്ട ഗാസ മുനമ്പിന് ഐക്യദാര്‍ഡ്യമായി ഹൂതികള്‍ ഇസ്രായേലുമായി ബന്ധപ്പെട്ട ചരക്ക് കപ്പലുകളെയും ടെല്‍ അവീവിനെയും മിസൈലും ഡ്രോണുകളുമായി ആക്രമിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top