22 December Sunday

നിർത്തിവെച്ച ഇന്ത്യൻ എംബസ്സി സന്ദർശനം പുനരാരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

അറാര്‍ > പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി റിയാദിനു പുറത്തുള്ള പ്രവിശ്യകളിലേക്ക് ഇന്ത്യന്‍ എംബസി, വി എഫ് എസ് ടീം നടത്തിവന്നിരുന്ന സന്ദര്‍ശനം നിർത്തലാക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് അറാര്‍ പ്രവാസി സംഘം. നേരത്തെ മൂന്ന് മാസത്തില്‍ ഒരിക്കല്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കും അറ്റസ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കുമായി റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും മറ്റ് പ്രവിശ്യകളിലേക്ക് ഉദ്യോ​ഗസ്ഥർ സ്ഥിരമായി എത്തിയിരുന്നു. ഇത് പുന‍‌സ്ഥാപിക്കുകയോ സൗദി അറേബ്യയുടെ എല്ലാ പ്രവിശ്യകളിലും വിഎഫ്എസ്  ഓഫീസുകള്‍ ആരംഭിക്കുകയോ വേണമെന്ന് പ്രവാസി സംഘം നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘താരതമ്യന ഇന്ത്യയെക്കാള്‍ ജനസംഖ്യ കുറവുള്ള മറ്റു രാജ്യങ്ങളിലെ എംബസ്സികൾ രണ്ടു മാസത്തിൽ ഒരിക്കൽ ഒരോ പ്രവിശ്യകളിൽ സന്ദർശനം നടത്തുകയോ അവരുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ട്‌. അപ്പോഴാണ്‌ ഇന്ത്യയിലെ തൊഴിലാളികളോട് കേന്ദ്രസർക്കാർ ഈ അന്യായം ചെയ്യുന്നത്. റിയാദിൽ നിന്നും 1200,1400 കിലോ മീറ്റർ ദൂരമുള്ള സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യകളായ അറാർ, തുറൈഫ്, ഒഖീല, റഫ തുടങ്ങിയ സ്ഥലങ്ങളിലെ പതിനായിര കണക്കിന് ഇന്ത്യൻ പ്രവാസികൾ ഇനി മുതൽ എംബസ്സി ആവശ്യങ്ങൾക്ക് നേരിട്ടെത്തണം എന്നത് വളരെ പ്രയാസകരമാണ്. ഇതിന്‌ ചുരുങ്ങിയത് മൂന്ന്, നാല് ദിവസമെങ്കിലും ജോലിയിൽ നിന്ന് ലീവ് എടുക്കേണ്ടി വരും. യാത്ര ചെലവും മറ്റുമായി 1500 സൗദി റിയാൽ (ഏകദേശം 35000 ഇന്ത്യൻ രൂപ )  ആവശ്യമായി വരും.’–- ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാസ്പോർട്ട് കാലാവധി കഴിഞ്ഞവർക്ക് ഇഖാമ (ഐഡി കാർഡ് )പുതുക്കി ലഭിക്കുകയുമില്ല. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഭയമില്ലാതെ പുറത്തിറങ്ങാനും യാത്ര ചെയ്യാനും കഴിയാത്ത അവസ്ഥയാണ് കേന്ദ്രസർക്കാറിന്റെ ഈ തീരുമാനം മൂലം ഉണ്ടായിരിക്കുന്നത്‌. ഇന്ത്യൻ തൊഴിലാളികളുടെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് അറാർ പ്രവാസി സംഘം നിരവധി പേരുടെ ഒപ്പു ശേഖരണം നടത്തി ഒരു ഭീമ ഹരജി ഇതിനോടകം കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ,ഇന്ത്യൻ അംബാസിഡർക്കും ഈ മെയിൽ സന്ദേശമായി അയച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവും ഇന്ത്യൻ എംബസ്സിയുടെ അഗീകാരമുള്ള വടക്കൻ പ്രവിശ്യകളുടെ പ്രതിനിധിയുമായ സക്കീർ താമരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിച്ചു. സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, വൈസ് പ്രസിഡണ്ട് ഗോപൻ നാടുകാട്, ജോയിന്റ് സെക്രട്ടറി ഷാജി ആലുവ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഷീദ് പരിയാരം, സഹദേവൻ കൂറ്റനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top