മസ്‌കത്ത്> ഒമാനിലെ പ്രവാസി സമൂഹം ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തി, ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസ്സിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ സാമൂഹിക പ്രവർത്തകർ എന്നിവരടക്കം നിരവധി ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
മലയാളി സംഘടനകൾ ഉൾപ്പെടെ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വാതന്ത്യദിന അനുബന്ധ പരിപാടികൾ ഉണ്ടാകും. മബേല ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, എംബസി ഉദ്യോ ഗസ്ഥർ, ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗങ്ങൾ, സ്‌കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധികൾ, മറ്റു വിശിഷ്ടാത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാർ സ്വാതന്ത്ര്യദിനാഘോഷം വൈകീട്ട് ഏഴുമണിക്ക് സോഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ വെച്ചു നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ പാരൻ്റ് ബോഡിയുടെ സ്വാതന്ത്ര്യദിനാഘോഷം വൈകുന്നേരം 7 മണിമുതൽ അൽബുസ്താൻ പാലസ് ഹോട്ടലിൽവച്ച് നടന്നു. വിവിധ ഭാഷാവിഭാഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..