മനാമ > ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്‌കാരിക മേളയായ ഐഎസ്ബി ഫെയർ ഈ മാസം 19, 20 തീയതികളിൽ ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകാനായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും. രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത പരിപാടികൾ നടക്കും. രണ്ട് ദിവസവും വൈകിട്ട് ആറു മുതൽ രാത്രി 11 വരെയാണ് പരിപാടി.
മേളയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. വിപിൻ കുമാറാണ് സംഘാടക സമിതി ജനറൽ കൺവീനർ. സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സംഘടനകളുടെ പ്രതിനിധികളും സംഘാടക സമിതിയിൽ ഉൾപ്പെടുന്നു. പ്രത്യേക ഉപസമിതികളും പ്രവർത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ മേളയിൽ ഒരുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,900ലധികം വിദ്യാർത്ഥികൾ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു. വിദ്യാർത്ഥികളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്‌കൂൾ മേള സംഘടിപ്പിക്കുന്നത്. മേളയിലെ സ്റ്റാൾ ബുക്കിംഗിന് സ്‌കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. മേളയുടെ ഭാഗമായി, വിദ്യാർത്ഥികളുടെ കലാ പ്രദർശനം സന്ദർശകർക്ക് പുതിയ അനുഭവമാകും.
ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള നാഷണൽ സ്‌റ്റേഡിയത്തിൽ പാർക്കിംഗ് സൗകര്യം ലഭ്യമാകും. മേള നടക്കുന്ന ദിവസങ്ങളിൽ സ്‌കൂൾ കാമ്പസിൽ നിന്ന് സ്‌റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ലഭ്യമാകും. ജഷൻമാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും. മേളയും അതിന്റെ പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കും. രണ്ട് ഗ്രൗണ്ടുകളിലും സന്ദർശകർക്ക് പരിപാടി കാണാൻ വലിയ എൽഇഡി ഡിസ്‌പ്ലേകൾ ഒരുക്കും. രണ്ടു ദിനാറാണ് പ്രവേശന ഫീസ്. വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക പ്രകടനങ്ങൾ ഉൾപ്പെടും.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജനറൽ കൺവീനർ വിപിൻ കുമാർ, സ്റ്റാർ വിഷൻ ഇവന്റ്‌സ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, ബിജു ജോർജ്, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുൾ ഹക്കിം, ദേവദാസ് സി, ഫൈസൽ മടപ്പള്ളി, അഷ്‌റഫ് കാട്ടിൽപീടിക, സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..