ഷാർജ > മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് തമിഴ്–- മലയാളം എഴുത്തുകാരൻ ബി ജയമോഹൻ. മിത്തുകളെ ആധുനീകരിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്‌തകമേളയിലെ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ', എം ടി വാസുദേവൻ നായരുടെ ‘രണ്ടാംമൂഴം’ എന്നീ കൃതികളിലൂടെ മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്ക് പുതിയ സ്വത്വം കൈവന്നു. ഇതര ഭാഷകളിലും സമാന ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഏതെങ്കിലും അദ്ധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ്. എന്നാൽ, മഹാഭാരതത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ‘വെൺ മുരശ്' നോവലിലൂടെ നടത്തിയതെന്നും ജയമോഹൻ പറഞ്ഞു. സെഷനിൽ സാനിയോ ഡാൽഫെ മോഡറേറ്ററായി.
മലയാളി എഴുത്തുകാർക്കുനേരെയും പരിഹാസം
സംവാദത്തിനിടെ മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹൻ. കാട്ടിൽ മദ്യക്കുപ്പി വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമർശത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരത്തിനെത്തി തമിഴ്നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിയുന്ന ആഭാസത്തെ അംഗീകരിക്കാനാകില്ല. മദ്യക്കുപ്പിയുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന ‘ആന ഡോക്ടർ' എന്ന നോവലിന്റെ കഥാകാരൻ എന്ന നിലയിൽ തനിക്ക് വലുതാണ്. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണ്–- ജയമോഹൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..