22 December Sunday

ജിദ്ദ പ്രവാസി സാഹിത്യോത്സവം സമാപിച്ചു: അനാകിഷ് , ശറഫിയ്യ സെക്ടറുകൾ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ജിദ്ദ > കലാലയം സാസ്കാരിക വേദി ജിദ്ദ സംഘടിപ്പിച്ച പതിനാലാമത് പ്രവാസി സാഹിത്യോത്സവ് അൽ നുസ്ലയിൽ പ്രൌഡമായി സമാപിച്ചു. സർഗ്ഗ വസന്തം പെയ്തിറങ്ങിയ തൊണ്ണൂറ്റി മൂന്ന് ഇന മത്സര പരിപാടികൾ അരങ്ങേറിയപ്പോൾ ജിദ്ദ സിറ്റി സോണിൽ നിന്നും ശറഫിയ്യ സെക്ടറും ജിദ്ദ നോർത്ത് സോണിൽ നിന്നും അനാകിഷ് സെക്ടറും ജേതാക്കളായി. മഹ്ജർ,സഫ സെക്ടറുകൾ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ക്യാമ്പസ് വിഭാഗത്തിൽ അഹ്ദാബ് ഇൻറർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായപ്പോൾ നോവൽ ഇൻറർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  മികച്ച സംഘാടനവും ആയിരങ്ങളുടെ സാനിധ്യവും കൊണ്ട് ശ്രദ്ധേയമായ പ്രവാസി സാഹിത്യോത്സവിൽ ജിദ്ദയിലെ പന്ത്രണ്ട് സെക്ടറുകൾക്ക് പുറമെ അഞ്ച് ഇന്ത്യൻ ഇൻറർനാഷണൽ ക്യാമ്പസുകളിൽ നിന്നായി അഞ്ഞൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.

കലാപ്രതിഭയായി സിറ്റിയിൽ സുലൈമാനിയ സെക്ടറിലെ സഹദ് അൻവറും നോർത്തിൽ സഫ സെക്ടറിലെ മുഹമ്മദ് ശമ്മാസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സർഗ്ഗ പ്രതിഭകളായി റാബിഗ് സെക്ടറിലെ മുഹമ്മദ് സുഹൈൽ, സുലൈമാനിയ സെക്ടറിലെ റിസാൻ അഹ്മദ്, ആസിഫ് മുഹമ്മദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ വിഭാഗത്തിൽ സുലൈമാനിയ സെക്ടറിലെ വർദ ഉമറും, അനാകിഷ് സെക്ടറിലെ ആലിയ ഫൈഹയും സർഗ പ്രതിഭകളായി.

 മുഹമ്മദലി സഖാഫി വള്ളിയാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ നോർത്ത് ആർഎസ്സി ചെയർമാൻ സദഖതുല്ലാഹ് മാവൂർ അധ്യക്ഷത വഹിച്ചു. സിറ്റി ജനറൽ സെക്രട്ടറി ആശിഖ് ശിബിലി ആമുഖം നിർവഹിച്ചു. സാദിഖ് ചാലിയാർ (ആർഎസ്സി ഗ്ലോബൽ ), യാസിർ അലി തറമ്മൽ ( ആർഎസ്സി സൗദി വെസ്റ്റ് ) മുഹ്സിൻ സഖാഫി (ഐസിഎഫ് ജിദ്ദ), സംഘാടക സമിതി കൺവീനർ മൻസൂർ മാസ്റ്റർ അലനല്ലൂർ, കലാലയം സെക്രട്ടറി സകരിയ്യ അഹ്സനി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top