സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പതിനാലാമത്തെ യൂനിറ്റ് സമ്മേളനം തുംറൈത്ത് യൂനിറ്റിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. കൈരളി സലാല മുൻ രക്ഷാധികാരി എ കെ പവിത്രൻ കൈരളി സലാലയുടെ രൂപീകരണ ചരിത്രത്തെ കുറിച്ചും, തുംറൈത്ത് യൂനിറ്റിന്റെ പഴയകാല പ്രവർത്തനങ്ങളെ കുറിച്ചും, ലോകത്ത് സോഷ്യലിസ്റ്റ് ചേരിയുടെ അഭാവം മൂന്നാം ലോകരാജ്യങ്ങളുടെ നിലനിൽപ്പും, അതിജീവിനവും അതീവ ദുഷ്കരമാക്കി തീർത്തിരിക്കുകയാണെന്നും, അമേരിക്കയും ഇസ്രയേലും ചേർന്ന് നടപ്പിലാക്കിയ ഗൂഡ പദ്ധതിയാണ് സിറിയയിലെ ബാസത് അൽ ബഷറിൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. മനുഷ്യരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയിട്ടുള്ള പ്രവത്തനങ്ങളെ വിലയിരുത്തി യൂനിറ്റ് സെക്രട്ടറി സൈതലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി ആക്റ്റിങ് രക്ഷാധികാരി പി എം റിജിൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, വൈസ്സ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ കൈരളി സലാല സെക്രട്ടറിയേറ്റ് അംഗം കെ ടി ഷെഹീർ, സി സി അംഗങ്ങളായ സനൽ കുമാർ, മനോജ് കാരായി, വനിതാ സെക്രട്ടറി സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മൻസൂർ പട്ടാമ്പി, ബൈജു തോമസ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് ബാബു താൽകാലിക അധ്യക്ഷനായി. പുതുതായി തെരഞ്ഞെടുത്ത 15 അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി പി പി ഷാജി, പ്രസിഡണ്ടായി എസ് സിബുഖാൻ, ജോ സെക്രട്ടറിമാരായി ബൈജു തോമസ്, സി എം സൈദലവി എന്നിവരെയും വൈസ്സ് പ്രസിഡണ്ടുമാരായി എ അബ്ദുൽ സലാം, സണ്ണി സാമുവൽ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത യൂനിറ്റ് ജോ സെക്രട്ടറി ബൈജു തോമസ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..