18 October Friday

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഓണം മഹോത്സവം 2024

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

നാഷ്‌വിൽ > കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) സംഘടിപ്പിച്ച ഓണം മഹോത്സവം 2024 ശ്രദ്ധേയമായി. കാൻ അതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിച്ച വേളയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓണസദ്യ, ചെണ്ടമേളം, പുലികളി, മെഗാ തിരുവാതിര എന്നിവ നടന്നു. ഓണാഘോഷ പരിപാടികളുടെ ഉദ്‌ഘാടനം മുഖ്യാതിഥികളായ ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലിയും ചലച്ചിത്ര താരം ദിവ്യ ഉണ്ണിയും കാൻ ഭരണ സമിതി അംഗങ്ങളും  ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. കാൻ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷനായ ഉദ്‌ഘാടന സമ്മേളനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ ആശംസ അർപ്പിച്ചു. കാൻ വൈസ്  പ്രസിഡന്റ്  ശങ്കർ മന സ്വാഗതവും സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.

കാൻ പതിനഞ്ചാം വാർഷികം മുൻനിർത്തി നാഷ്‌വിൽ മേയർ ഓണാഘോഷദിനത്തെ 'കേരള ദിനം' ആയി രേഖപ്പെടുത്തിയതിന്റെയും, ടെന്നിസി സ്റ്റേറ്റ് സെനറ്റ് ആശംസകൾ നേർന്നതിന്റെയും ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലി നിർവ്വഹിച്ചു. അതോടൊപ്പം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ  "കല്പടവുകൾ" എന്ന സുവനീറിന്റെ ഔദ്യോഗിക പ്രകാശനവും ദിവ്യ ഉണ്ണി നിർവ്വഹിച്ചു. കഴിഞ്ഞുപോയ പതിനഞ്ചു വർഷത്തെ കാൻ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ സുവനീറിൽ ടെന്നീസി ഗവർണ്ണർ, കേരള മുഖ്യമന്ത്രി, നാഷ്‌വിൽ മേയർ, കേരള നിയമസഭ സ്പീക്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, അറ്റ്ലാന്റ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ, മുൻ കേന്ദ്ര മന്ത്രിയായ ഡി. നെപ്പോളിയൻ, നോർക്ക ചീഫ് എക്സിക്യൂട്ടീവ്, കലാകാരന്മാരായ സ്റ്റീഫൻ ദേവസ്സി, റസൂൽ പൂക്കുട്ടി, വിവിധ സംഘടനാ നേതാക്കന്മാർ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ആശംസകൾ അറിയിച്ചു.        

കാൻ ആദ്യമായി ഏർപ്പെടുത്തിയ അക്കാഡമിക് സ്കോളർഷിപ്, അമേരിക്കൻ പ്രസിഡന്റിന്റെ വളണ്ടിയർ സർവീസസ് അവാർഡ് തുടങ്ങിവയും ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്തു.  തുടർന്ന് കാനിന്റെ  കലാകാരൻമാർ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം, സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദിവ്യ ഉണ്ണിയും സംഘവും നൃത്താവിഷ്കാരം നടത്തി.  

ഓണസദ്യ ഒരുക്കുന്നതിന് നിജിൽ പറ്റെമ്മൽ, മനീഷ് രവികുമാർ എന്നിവരും കലാപരിപാടികൾക്ക് സന്ദീപ് ബാലൻ, ഡോ.ദീപാഞ്ജലി നായർ എന്നിവരും നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top