ദോഹ > കത്താറ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് എക്‌സിബിഷൻ്റെ എട്ടാമത് എഡിഷന് തുടക്കമായി. കത്താറ കൾച്ചറൽ വില്ലേജിൽ കത്താറ ജനറൽ മാനേജരും സംഘാടക സമിതി ചെയർമാനുമായ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഇവൻ്റിൽ പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കാളിത്തംവഹിക്കും.
വിവിധ വിഭാഗങ്ങളിലായി, അത്യാധുനിക വേട്ട ആയുധങ്ങൾ, റൈഫിളുകൾ, വേട്ടയാടൽ ഉപകരണങ്ങൾ, ഗിയർ, വേട്ടയാടൽ, ഫാൽക്കൺ എന്നിവയുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതിക വിദ്യകൾ, ഓഫ് റോഡ് വാഹനങ്ങൾ, കരകൗശല ഫാൽക്കൺ ഇനങ്ങൾ, പെയിൻ്റിംഗ്, ശിൽപങ്ങൾ, എന്നിവയുൾപ്പെടുന്ന വിവിധ കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ലെബനൻ, പാകിസ്ഥാൻ, ജർമ്മനി, യുകെ, ചൈന, സ്പെയിൻ, ഫ്രാൻസ്, യുഎസ്, പോർച്ചുഗൽ, ബെൽജിയം, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള 171 പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.
ലിത്വാനിയ, പോളണ്ട്. ചൈന, പോളണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ പങ്കാളികൾ ഈ വർഷം എക്‌സിബിഷനിലൂടെ പ്രാദേശിക വിപണിയിൽ പ്രവേശിക്കുന്നതായും സംഘാടകർ പറഞ്ഞു. ദിവസേനയുള്ള ലേലങ്ങൾ മംഗോളിയൻ ഗിർഫാൽക്കണുകളേയും കുഞ്ഞുങ്ങളേയും ഹൈലൈറ്റ് ചെയ്യും, അവസാന ദിവസം വിശാലമായ പക്ഷി ലേലങ്ങൾ അരങ്ങേറും. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വാർത്താവിനിമയ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ പിന്തുണയും സന്ദർശകർക്ക് സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രത്യേക പവലിയനുകളും ഇവൻ്റിന്റെ സവിശേഷതയാണ് സോഷ്യൽ ആൻഡ് സ്‌പോർട്‌സ് ആക്‌റ്റിവിറ്റീസ് സപ്പോർട്ട് ഫണ്ട് (ദാം), ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പ് (ഔദ്യോഗിക ഇൻഷുറൻസ് സ്‌പോൺസർ), അൽ-കാസ് ടിവി (മീഡിയ പാർട്‌ണർ) എന്നിവരാണ് പ്രായോജകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..