24 December Tuesday

കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ഓണാഘോഷ ദിവസം 'കേരള ദിനം' ആയി മേയർ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

നാഷ്‌വിൽ > യുഎസിലെ ടെന്നിസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 21-ന് ശ്രീ ഗണേശ ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അസോസിയേഷൻ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനോടനുബന്ധിച്ച്, ബഹുമാനപ്പെട്ട നാഷ്‌വിൽ മേയർ പ്രസ്തുത ദിവസത്തെ, 'കേരള ദിനം' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബഹുമാനപ്പെട്ട ടെന്നിസി സ്റ്റേറ്റ് സെനറ്റർ ശ്രീ ജോ ഹെൻസ്‌ലിയും, പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമായ ദിവ്യ ഉണ്ണിയും മുഖ്യാതിഥികളായി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്തംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 11.30 ന്‌ ഇരുപത്തിമൂന്നിൽപ്പരം വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ വർഷത്തെ  ഓണസദ്യ അസോസിയേഷൻ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കി വാഴയിലയിൽ തന്നെ വിളമ്പും. ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക്  ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും പുലിക്കളിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും, തുടർന്ന് ഘോഷയാത്രയായി മഹാബലിയെ വേദിയിലേക്ക് ആനയിക്കും. അതോടൊപ്പം മെഗാ തിരുവാതിരയും ഉണ്ടാകും. തുടർന്ന്‌ പരിപാടിയുടെ ഉദ്‌ഘാടനവും, ശേഷം വിവിധ കലാപരിപാടികളും ദിവ്യ ഉണ്ണിയും സംഘവും നയിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന "കല്പടവുകൾ" എന്ന സുവനീറിന്റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ നടക്കും. കഴിഞ്ഞ പതിനഞ്ചു വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയായിരിക്കും ഈ സുവനീർ എന്ന്‌ സംഘാടകർ പറഞ്ഞു.

പങ്കാളിത്തവും അവതരണവും കൊണ്ടു ശ്രദ്ധേയമാകുന്ന ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 615 243 0460 എന്ന നമ്പറിലോ kan.nashville@gmail.com എന്ന ഇമെയിലോ ബന്ധപ്പെടേണ്ടതാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top