19 December Thursday

ഖരീഫ് സീസൺ: മൂടൽ മഞ്ഞിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

മസ്‌കത്ത്‌ > ഖരീഫ് സീസൺ ആരംഭിച്ചതോടെ രാജ്യത്ത് മഴയ്ക്ക് തുടക്കമായി. ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായ ചാറ്റൽമഴ അനുഭവപ്പെടുന്നത് പർവതനിരകളിൽ തുടർച്ചയായ മൂടൽമഞ്ഞിന് കാരണമാകുന്നു. മഴ, മൂടൽമഞ്ഞ്, പൊടിപടലങ്ങൾ എന്നിവ കാരണം വാഹനമോടിക്കുന്നവർക്ക് ദൃശ്യപരത കുറയുമെന്നും അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ അതോറിറ്റി മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ദോഫാറിലെ ഖരീഫ് സീസൺ സന്ദർശകർ ജാഗ്രത പാലിക്കണം. സലാലയിലെ വിലായത്തിലേക്കുള്ള പർവത പാതയിൽ റോയൽ ഒമാൻ കൂടുതൽ പൊലീസ് പട്രോളിംഗ്  ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പ്രദേശത്ത് സ്ഥാപിച്ച പൊലീസ് കേന്ദ്രങ്ങളിൽ എത്തി സന്ദർശകർക്ക് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയാം. ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രണങ്ങളും അപകടങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.

ഖരീഫ് മഴയുടെ വലയത്തിൽപ്പെട്ട പർവതപ്രദേശങ്ങളിൽ ശ്രദ്ധാപൂർവമായ ഡ്രൈവിംഗ് ആവശ്യമാണ്. ഡ്രൈവർമാർ വേഗത കുറയ്ക്കുകയും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുകയും മൂടൽമഞ്ഞുള്ള അവസ്ഥയിൽ നാവിഗേറ്റ് ചെയ്യുന്നതിന് ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുകയും വേണം. കൂടാതെ പ്രദേശത്ത് റോഡുകൾ മുറിച്ചുകടക്കുന്ന മൃഗങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top