22 December Sunday

മലയോളം നന്മ; കുഞ്ഞു മൽഖയ്ക്കായി ഖത്തർ ചാരിറ്റബിൾ ശേഖരിച്ചത്‌ 17.13 കോ​ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദോഹ> കുഞ്ഞു മൽഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്‌നേഹവും കരുതലും കടലായി ഒഴുകിപ്പോൾ ഖത്തറിൽ പിറന്നത്‌ പുതുചരിത്രം. സമ്പാദ്യ​ക്കു​ടു​ക്ക പൊ​ട്ടി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ​ ഒഴിവാക്കി​യും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോൾ അ​ഞ്ചുമാ​സ​ത്തി​ൽ സ​മാ​ഹ​രി​ച്ച​ത് 74.56 ല​ക്ഷം ഖത്തർ റി​യാ​ൽ (ഏകദേശം 17.13 കോ​ടി രൂ​പ). ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്എംഎ ബാധിതയായ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ്‌ മൽഖ റൂഹിയുടെ ചികിത്സയ്ക്കുള്ള ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ ക്യാമ്പയിൻ ഇതോടെ പൂർണതയിലെത്തി. ഇതോടെ 1.16 കോടി റിയാലിന്റെ മരുന്ന് പ്രത്യേക ഇളവോടുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഖത്തർ ചാരിറ്റിയും കുട്ടിയുടെ ചികിത്സ നടത്തുന്ന സിദ്ര ആശുപത്രിയും.

പാലക്കാട് മേപ്പറമ്പ് സ്വദേശികളായ മുഹമ്മദ് റിസാൽ, നിഹാല ദമ്പതികൾക്ക്‌ കഴിഞ്ഞവർഷം നവംബർ 27ന്‌ ആണ്‌ പെൺകുഞ്ഞ്‌ ജനിക്കുന്നത്‌. ഖത്തർ ഹമദ് ആശുപത്രിയിൽ ജനിച്ച മൽഖ റൂഹിയ്ക്ക്‌ രണ്ടാംമാസത്തിൽ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ടൈപ്പ് വൺ രോഗമാണെന്ന് തിരിച്ചറിഞ്ഞു. വാക്‌സിനേഷനായി ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശാരീരിക അനക്കത്തിൽ അസ്വഭാവികത കണ്ടതോടെയാണ് ഡോക്ടർ കുട്ടിക്ക് എസ്എംഎയാണെന്ന സംശയം ഉയർത്തിയത്. തുടർപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. തുടർചികിത്സക്കായി ഖത്തറിലെ കുട്ടികളുടെ ആശുപത്രിയായ സിദ്രയിലേക്ക് മാറ്റി. 1.16 കോടി റിയാൽ വിലയുള്ള സോൾജെൻമ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ചാൽ മാത്രമേ ചികിത്സ നൽകാൻ കഴിയു എന്നറിഞ്ഞതോടെ മാതാപിതാക്കൾ ആശങ്കയിലായി. നാ​ട്ടി​ലേ​ക്കുപോ​ലും യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥയിലായിരുന്നു മൽഖ. ചികിത്സാചെലവുകൾ സൗജന്യമായി വഹിക്കാൻ സിദ്ര മുന്നോട്ടുവന്നു. എന്നാൽ, വിലയേറിയ മരുന്ന് എത്തിച്ചുനൽകുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കുടുംബത്തിന്റെ മേൽവന്നു. ഈ ഘട്ടത്തിലാണ്‌ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാൻ ഖത്തർ ചാരിറ്റി അംഗീകാരം നൽകിയത്‌. കുഞ്ഞു മൽഖയുടെ പുഞ്ചിരി നിലനിർത്താൻ ഖത്തറിലെ പ്രവാസി സംഘടനകളും വ്യക്തികളും ചേർന്നതോടെ ദൗത്യം വിജയകരമായി.

കഴിഞ്ഞ അഞ്ചുമാസക്കാലം ഖത്തറിലെ ഒട്ടുമിക്ക പ്രവാസി മലയാളി സംഘടനകളുടെയും ചിന്തയും പ്രവർത്തനങ്ങളും ഒരേ ലക്ഷ്യത്തിലായിരുന്നു. ഏപ്രിൽ മാസത്തിലാണ്‌ ചികിത്സാ സഹായം ശേഖരിച്ചുതുടങ്ങിയത്. ബിരിയാണി ചലഞ്ച്, സാലറി ചലഞ്ച്, ഖത്തറിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനങ്ങളും വിൽപ്പനയും ചിത്രരചനാമത്സരം, വടംവലി തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചാണ് ഖത്തറിലെ പ്രവാസി സംഘടനകൾ മൽഖ റൂഹിയ്ക്കായി ഒരുമിച്ചുചേർന്നത്‌.
ഐസിബിഎഫ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി, ജീവകാരുണ്യ പ്രവർത്തകൻ ഷഫീഖ് അലി  എന്നിവർ ചേർന്നാണ് പ്രവാസി സമൂഹത്തിൽ ഫണ്ട് ശേഖരണത്തിന്റെ കോഓർഡിനേഷൻ ഏറ്റെടുത്തത്. സംസ്‌കൃതി, കെഎംസിസി, ഇൻകാസ്, പ്രവാസി വെൽഫെയർ, ഒഐസിസി, കേരള കൾച്ചറൽ സെന്റർ, യൂത്ത് ഫോറം ഖത്തർ, നടുമുറ്റം ഖത്തർ, ഐസിഎഫ്, ഖത്തർ സ്‌പർശം, ഐവൈസി ഖത്തർ, ഖത്തർ ഇന്ത്യൻ പ്രവാസി ഫോറം, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടങ്ങിയ സംഘടനകളും ഖത്തർ മലയാളിസ് സാമൂഹ്യ മാധ്യമ കൂട്ടായ്‌മയും ചലച്ചിത്ര താരം മമ്മൂട്ടിയടക്കമുള്ള വ്യക്തികളും വ്യാപാര, വിദ്യാഭ്യസ സ്ഥാപങ്ങളും സ്വദേശികളും എല്ലാം ധനസമാഹരത്തിൽ പങ്കാളകളായി. ഖത്തർ ചാരിറ്റി അവരുടെ ഉയർന്ന പ്രാധാന്യമുള്ള പട്ടികയിൽ ഫണ്ട് ശേഖരണം ഉൾപ്പെടുത്തിയതിനാൽ സ്വദേശികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക്‌ ധനസമാഹരത്തിൽ പങ്കാളിയാകാൻ സഹായിച്ചു. ഫണ്ട്‌ സമാഹരണവുമായി സഹകരിച്ചവരുടെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള സൗഹൃദ സദസ്‌ കഞ്ചാണി ഹാളിൽ നടന്നു. മൽഖ റൂഹിയുടെ പിതാവ് നിഹാൽ, ഇന്ത്യൻ എംബസി അപക്‌സ്‌ ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ, വ്യവസായ പ്രമുഖർ, സ്‌കൂൾ അധികൃതർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top