റിയാദ്> കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊടുവള്ളി സ്വദേശി സമീർ വിലാട്ടുകുഴിയിലിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കിയത്.
തൃശൂർ കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദീൻ), സൗദി പൗരന്മാരായ ജഅ്ഫർ ബിൻ സ്വാദിഖ് ബിൻ ഖമീസ് അൽഹജി, ഹുസൈൻ ബിൻ ബാഖിർ ബിൻ ഹുസൈൻ അൽഅവാദ്, ഇദ്രീസ് ബിൻ ഹുസൈൻ ബിൻ അഹ്മദ് അൽസമാഈൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹജി അൽമുസല്ലമി എന്നിവരുടെ വധശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നടപ്പാക്കിയത്. സംഭവത്തിൽ അറസ്റ്റിലായ മറ്റൊരു മലയാളി കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ ഹമീദ് ഇപ്പോഴും ജയിലിലാണ്.
കൊടുവള്ളി ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകൻ സമീറിനെ 2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് സിനാൻ, സന ഫാത്തിമ.
ശിക്ഷ നടപ്പാക്കിയത്
8 വർഷത്തിനുശേഷം
മൊബൈൽ കടയിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വിലാട്ടുകുഴിയിലിനെ 2016 ജൂലൈ മൂന്നിനാണ് കാണാതാകുന്നത്. ജോലിക്ക് വരാത്തതിനെത്തുടർന്ന് പൊലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ ജൂലൈ ആറിന് ചെറിയ പെരുന്നാൾ ദിനത്തിൽ ജുബൈലിലെ വർക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം പുതപ്പിൽ മൂടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ശരീരത്തിലെ മുറിപ്പാടുകളും സാഹചര്യ തെളിവുകളും പരിശോധിച്ച പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ജുബൈൽ പൊലീസിലെ ക്രിമിനൽ കേസ് മേധാവി മേജർ തുർക്കി നാസർ അൽ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റൻ അബ്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ ഹംദി എന്നിവർ നടത്തിയ അന്വേഷണത്തിൽ രണ്ടു മലയാളികളടക്കം ആറുപേർ പിടിയിലായി. കൂട്ടംചേർന്ന് പിടിച്ചുപറി നടത്തുന്ന പ്രതികൾ സമീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തൃശൂർ കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദീൻ), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ ഹമീദ്, സൗദി പൗരന്മാരായ ജഅ്ഫർ ബിൻ സ്വാദിഖ് ബിൻ ഖമീസ് അൽഹജി, ഹുസൈൻ ബിൻ ബാഖിർ ബിൻ ഹുസൈൻ അൽഅവാദ്, ഇദ്രീസ് ബിൻ ഹുസൈൻ ബിൻ അഹ്മദ് അൽസമാഈൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹജി അൽമുസല്ലമി എന്നിവരാണ് പിടിയിലായത്.
അനധികൃത പണമിടപാട് കേന്ദ്രങ്ങളും മദ്യ,വാറ്റ് കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന സംഘം ആളുമാറി സമീറിനെ തട്ടികൊണ്ടുപോവുകയായിരുന്നു. ടാക്‌സി ഡ്രൈവർമാരെന്ന വ്യാജേന കഴിഞ്ഞിരുന്ന നൈസാമും അജ്മലും ക്രിമിനൽ സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കുകയായിരുന്നു. ബന്ദിയാക്കി മർദ്ദിച്ച സമീറിനെ മൂന്നുദിവസത്തിനുശേഷം ഇവർ വഴിയരികിൽ ഉപേക്ഷിച്ചു. അതിക്രൂര മർദ്ദനമേൽക്കേണ്ടി വന്ന സമീർ ഇതിനോടകം മരണപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവച്ചു. ശിക്ഷ നടപ്പാക്കാൻ സൽമാൻ രാജാവ് അനുമതിയും നൽകി. പ്രതികൾക്ക് മാപ്പുനൽകാൻ സമീറിന്റെ കുടുംബം തയ്യാറായിരുന്നില്ല. ഇതോടെയാണ് ബുധനാഴ്‌ച അജ്‌മൽ ഒഴികെയുള്ളവരുടെ വധശിക്ഷ നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..