കുവൈത്ത് സിറ്റി > കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെഎസ്എഫ്ഇ) കുവൈത്തിൽ പ്രവാസി മലയാളികൾക്കായി 'പ്രവാസി ചിട്ടി ഡ്യുവോ' എന്ന ജനകീയ സമ്പാദ്യ പദ്ധതി ആരംഭിച്ചു. കേരള ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക പ്രകാശനം. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ വിപുലീകരണം ലക്ഷ്യമിട്ടു കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ കെഎസ്എഫ്ഇ നടത്തുന്ന പ്രവാസി മീറ്റിറ്റിന്റെ ഭാഗമായാണ് ധനമന്ത്രി കുവൈത്തിലെത്തിയത്.
പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവോ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങൾ വരിക്കാർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം വഴി ഭാവിയിലെ മാസ ഗഡു തിരിച്ചടക്കാൻ സാധ്യമാകും. ചിട്ടിയുടെയും നിക്ഷേപത്തിൻ്റെയും നേട്ടങ്ങൾ ഒരുമിച്ച് ഈ 'പ്രവാസി ചിട്ടി ഡ്യുവോ'യിൽ സംയോജിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള നോൺ-ബാങ്കിംഗ് കമ്പനിയായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെഎസ്എഫ്ഇ) ആരംഭിച്ച പ്രവാസി ചിട്ടി, പ്രവാസി ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും പരിരക്ഷ നേടുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ സെൻട്രൽ ചിട്ടി ഫണ്ട് ആക്ട് 1982 പ്രകാരമാണ് ചിട്ടി നിയന്ത്രിക്കുന്നത്. 55 ലക്ഷത്തിലധികം സജീവ ചിട്ടി വരിക്കാരുള്ള കെഎസ്എഫ്ഇ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ജനങ്ങൾക്ക് ഇത്തരം സേവനം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ്.
ഇന്ന് കെഎസ്എഫ്ഇ വിറ്റുവരവ് 87,000 കോടിയാണ്, അടുത്ത വർഷത്തോടെ ഒരു ലക്ഷം കോടി വിറ്റുവരവിലെത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിക്ക് 1800 കോടി വിറ്റുവരവുണ്ട്. പ്രവാസി മലയാളികൾക്ക് വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ചിട്ടി പ്രവർത്തിപ്പിക്കാവുന്നതാണ്. നൂതന ഓൺലൈൻ പോർട്ടലിലൂടെ ലോകമെമ്പാടുമുള്ള 121 രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേക്ക് വരിക്കാരായതായി മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ എംഡി ഡോ എസ് അനിൽ ‘പ്രവാസി ചിട്ടി’യുടെ വിവിധ വശങ്ങൾ വിശദീകരിച്ചു. ജനങ്ങളിൽ സമ്പാദ്യശീലം നിർബന്ധമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. കെഎസ്എഫ്ഇ ചെയർമാൻ വരദരാജൻ, ഡയറക്ടർ ബോർഡ് അംഗം യു പി ജോസഫ്, എം സി രാഘവൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..