കുവൈത്ത് സിറ്റി > പ്രവാസികൾക്ക് തിരിച്ചുപോകാനുള്ള ഇന്ത്യൻ എംബസി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യൻ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട യാത്രികർ മുതലായ വിഭാഗത്തിലുള്ളവർ ആവശ്യമായ പരിശോധനക്കും യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും cw.kuwait@mea.gov.in എന്ന ഇമെയിൽ വിവരങ്ങൾ അയയ്ക്കുന്നത് തുടരാവുന്നതാണെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
മുൻഗണനാ ക്രമത്തിൽ യാത്രക്കാരെ തെരഞ്ഞെടുക്കുന്നതിനും പരിഗണിക്കുന്നതിനുമുള്ള അധികാരം എംബസിക്ക് മാത്രമായിരിക്കുമെന്നും യാത്രയുമായി ബന്ധപ്പെട്ട് പുറത്തു നിന്നും ലഭിക്കുന്ന ഉറപ്പുകൾക്കോ വാഗ്‌ദാനങ്ങൾക്കോ എംബസി ഉത്തരവാദി ആയിരിക്കില്ലെന്നും വാർത്താ കുറിപ്പിൽ സൂചിപ്പിക്കുന്നു.
എന്നാല്‍ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും എംബസി അറിയിച്ചു. യാത്രക്കാര്‍ക്കുമുള്ള ഫ്ലൈറ്റുകളുടെ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഏജൻസി എയർ ഇന്ത്യ മാത്രമാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് യാത്ര തിരിച്ചവരുടെ മുൻഗണന ക്രമം അട്ടിമറിച്ച് സീറ്റുകള്‍ അനുവദിച്ചുവെന്ന നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. നാട്ടിലേക്കുള്ള യാത്രയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയുടെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍ വിലാസം, cw1.kuwait@mea.gov.in, ടെലിഫോണ്‍ നമ്പരുകള്‍, +965 66501391, 97610246, 97229945
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..