കുവൈത്ത് സിറ്റി > കുവൈത്തിൽ ഇരുന്നൂറിലധികം മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പട്ടിക അംഗീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ചില മരുന്നുകൾക്ക് 60 ശതമാനം വരെ വിലകുറയും. മന്ത്രാലയത്തിൻ്റെ മെഡിസിൻ ക്വട്ടേഷൻ കമ്മിറ്റി അംഗീകരിച്ചതാണ് ഈ ഇളവുകൾ.
രക്തസമ്മർദ്ദം, പ്രമേഹ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുടെയും മറ്റു ചില മരുന്നുകളുടെയും വില കുറയ്ക്കുന്നതാണ് തീരുമാനത്തിൽ ഉൾപ്പെടുന്നതെന്ന് മന്ത്രാലയത്തിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു. പുതിയ വിലനിർണ്ണയ ഘടന ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. മാറ്റങ്ങൾ നടപ്പിലാക്കാൻ സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് മതിയായ സമയം അനുവദിക്കും. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ആവശ്യമായ മരുന്നുകൾ ന്യായമായ വിലയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..