കുവൈത്ത് സിറ്റി> കുവൈത്തിൽ ശസ്ത്രക്രിയ നടത്തിയതായി കബളിപ്പിച്ചു രോഗിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരു സ്വകാര്യ ആശുപത്രിയിലെ സ്വദേശി ഡോക്ടറെ വീണ്ടും വിചാരണ ചെയ്യുവാൻ കുവൈത്ത് മേൽ കോടതി വിധി പുറപ്പെടുവിച്ചു. അടിയന്തിരമായി നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് രോഗിയെ അറിയിച്ച ശേഷം ഡോക്ടര്‍ അനസ്തേഷ്യ നൽകി. ഉണർന്നപ്പോൾ, "അഭിനന്ദനങ്ങൾ, ഓപ്പറേഷൻ വിജയിച്ചു" എന്ന് പറയുകയും 6,000 കുവൈത്തി ദിനാർ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റൊരു ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഒരു ശസ്‌ത്രക്രിയയ്‌ക്കും വിധേയയായിട്ടില്ലെന്ന് രോഗിക്ക് മനസിലായത്.
ഏതാനും മണിക്കൂറുകളോളം അനസ്തേഷ്യ നൽകുക മാത്രമാണ് ഡോക്ടര്‍ ചെയ്തത്.. ഇതെ തുടർന്ന് ഇവർ ഡോക്ടർക്ക് എതിരെ പോലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് അറിയിച്ചു കൊണ്ട് കോടതി കേസ് തള്ളിക്കളയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ അഭിഭാഷകൻ മുഖേനെ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ മേൽക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് തള്ളാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാനം കോടതി റദ്ദാക്കുകയും കുറ്റാരോപിതനായ ഡോക്ടറെ വീണ്ടും വിചാരണയ്ക്ക് വിടാൻ തീരുമാനിക്കുകയും ചെയ്തു.
ഈ കേസ് വൈദ്യശാസ്ത്രരംഗത്ത് അസാധാരണമായ ഒരു സംഭവമാണെന്നും ഇത് മെഡിക്കൽ നൈതികതയുടെ ഗുരുതരമായ ലംഘനമാണെന്നും ഇരയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഹവ്‌റ അൽ-ഹബീബ് കോടതിയെ അറിയിച്ചു. കുവൈത്ത് പീനൽ കോഡ് അനുസരിച്ച് കുറ്റാരോപിതനായ ഡോക്ടർക്ക് ഉചിതമായ ശിക്ഷ നൽകണമെന്ന് അൽ ഹബീബ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..