08 September Sunday

പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ 'ടുഗെതര്‍-4' പദ്ധതിയുമായി കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കുവൈത്ത്  സിറ്റി > പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ  പുതിയ ദേശീയ പദ്ധതിക്ക് തുടക്കംകുറിച്ച് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 'ടുഗതര്‍-4' പദ്ധതി കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്‍റെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്.

രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെഅവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതായി മാൻപവർ അതോറിറ്റി ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് അറിയിച്ചു. റിക്രൂട്ട്മെന്റ് ഘട്ടം മുതൽ തൊഴിലാളികൾ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള തൊഴിൽ നടപടികളുടെ എല്ലാ വശങ്ങളും വിലയിരുത്താൻ അതോറിറ്റി പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്ഥിരം സമിതി രൂപീകരിച്ചു. സാമൂഹികവും മാനസികവും നിയമപരവുമായ പിന്തുണയും  ആറ് വ്യത്യസ്ത ഭാഷകളില്‍ ഹോട്ട്‌ലൈന്‍ വഴി കണ്‍സല്‍ട്ടേഷനുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 'ടുഗതര്‍-4' പദ്ധതി എന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു.

തൊഴില്‍ തര്‍ക്കങ്ങള്‍ നേരിടുന്ന വനിതാ പ്രവാസി തൊഴിലാളികള്‍ക്ക് നിയമോപദേശത്തോടൊപ്പം ആരോഗ്യ, മാനസിക, താമസ സഹായ സേവനങ്ങളും നല്‍കും. ഓട്ടോമേറ്റഡ് സേവനങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തൊഴില്‍ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനും ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top