22 December Sunday

പുതിയ റെസിഡൻസി നിയമം ഉടൻ നിലവിൽ വരും: വിസിറ്റ് വിസകൾക്ക് വീണ്ടും അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

കുവൈത്ത്  സിറ്റി > കുവൈത്തിൽ  പുതിയ റെസിഡൻസി നിയമം തയ്യാറായതായും നിലവിൽ ലീഗൽ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. താമസ നിയമം ലംഘിക്കുന്നവർക്കും അവരുടെ സ്പോൺസർമാർക്കും എതിരെ കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ അനധികൃത താമസക്കാർക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിൻ നടക്കുന്ന ഖൈത്താനിൽ നടത്തിയ സന്ദർശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ വിസ നയത്തിന്റെ ഭാഗമായി പ്രവാസികൾക്കുള്ള വിസിറ്റ് വിസകൾക്ക് വീണ്ടും അനുമതി നൽകും. എന്നാൽ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ വിസിറ്റ് വിസയുടെ കാര്യത്തിൽ നടപ്പിലാക്കും. സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം  മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിടിക്കപ്പെടുന്നവർക്ക് പുറമെ ഇവരുടെ സ്പോൺസർമാരും നാടു കടത്തലിനു വിധേയരാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ഖൈത്താൻ, ഫർവാനിയ മേഖലകളിൽ കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനകൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി.  പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പൊലീസിന്റെ പങ്കാളിത്തത്തോടെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പൊലീസ്, പൊതു സുരക്ഷാ വിഭാഗം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും വ്യാപകമായ സുരക്ഷാ പരിശോധന തുടരുമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top