കുവൈത്ത് സിറ്റി > കുവൈത്തിൽ പ്രവാസികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം.
പുതിയ കരട് നിയമത്തിൽ 36 ആർട്ടിക്കിളുകൾ അടങ്ങിയിട്ടുണ്ട്. റെസിഡൻസിയിലെ വ്യാപാരം നിരോധിക്കുക, പ്രവാസികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ നിർണയിക്കുക, പ്രവാസികളുടെ താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ ചുമത്തുക,തൊഴിലുടമക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യൽ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക,എന്നിവ സംബന്ധിച്ച നിയമങ്ങൾ നിയന്ത്രിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഏഴ് അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റെസിഡൻസി വ്യാപാര നിരോധനമാണ് ഇതിൽ പ്രധാനപ്പെട്ടത്. എൻട്രി വിസ നൽകൽ, റെസിഡൻസി പെർമിറ്റ് പുതുക്കൽ എന്നിവക്ക് പണം വാങ്ങിയുള്ള വിൽപന കടുത്ത ലംഘനമായി കണക്കാക്കും. സ്പോൺസർമാർ വിദേശികളുടെ എൻട്രി വിസയുടെ സ്റ്റാറ്റസ് ആഭ്യന്തര മന്ത്രാലയത്തിൽ അറിയിക്കുകയും വേണം. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും അല്ലെങ്കിൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതും പുതിയ കരട് നിയമത്തിൽ നിരോധിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്നതും കുറ്റകൃത്യമാണ്.സർക്കാർ ജീവനക്കാർ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പുതിയ കരട് നിയമത്തിൽ കർശനമായി വിലക്കുന്നു. താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് തൊഴിൽ നൽകുന്നതും താമസത്തിനുള്ള സൗകര്യങ്ങൾ നൽകുന്നതും കുറ്റകൃത്യമായി കണക്കാക്കും.
സ്പോൺസർ ഷിപ്പ് വഴി കുവൈത്തിലേക്ക് എത്തുന്നവർ താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കുവാൻ സ്പോൺസർ ബാധ്യസ്ഥനായിരിക്കുമെന്നും പുതിയ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.പുതിയ കരട് നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ അമീറിന്റെ അംഗീകാരത്തോട് കൂടി നിയമം പ്രാബല്യത്തിൽ വരും. പുതിയ പിഴകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസ്താവനയിൽ നൽകിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..