അബുദാബി> ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ചക്ക മേളക്ക് തുടക്കമായി.
അബുദാബി മദീനത്ത് സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദാബി മുൻസിപ്പാലിറ്റി ലാൻഡ് രജിസട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ ഹംദാൻ അൽ മർബൂ, ചലച്ചിത്ര സംവിധായകൻ പ്രജേസ് സെൻ എന്നിവർ ചേർന്നും ലുലു ഹൈപ്പർ മാർക്കറ്റ് ദുബായ് ഗിസൈസിൽ നടന്ന ഉദ്ഘാടനം ചലച്ചിത്ര നടൻ അർജുൻ അശോകനും പ്രമുഖ എമിറാത്തി ബ്ലോഗർ യൂസഫ് അൽ കാബിയും ചേർന്ന് നിർവ്വഹിച്ചു.
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യുഎസ്എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്.
നാട്ടില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..