മസ്‌ക്കറ്റ് > ഇന്ത്യയുടെ 78ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് മബേല ഇന്ത്യൻ സ്‌കൂളിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിനിരന്ന നൃത്ത സംഗീത ചിത്രകലയുടെ അവതരണം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു.
ഒമാൻ ദേശീയഗാനവും തുടർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ഒമാനിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിൽ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജമ്മു-കശ്മീരിന്റെ തനത് കലാരൂപമായ റഊഫ് മുതൽ കേരളത്തിൻറെ മോഹിനിയാട്ടം വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനഞ്ചോളം കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. അവയുടെ പശ്ചാത്തല ഗാനങ്ങളും വിദ്യാർത്ഥികൾ തത്സമയം ആലപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച പതിനഞ്ചോളം ദേശീയ നേതാക്കളുടെ ഛായാചിത്രളും സ്‌കൂൾ മൈതാനത്ത് പ്രദർശിപ്പിച്ചു. ഇൻറ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിധികർത്താവ് അരവിന്ദർ സിംഗ് ഭാട്ടി റെക്കോർഡ് ശ്രമം വിജയകരമായി പൂർത്തിയായതായി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിലും റെക്കോർഡ് പരിശ്രമത്തിലും പങ്കെടുത്ത വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലനം നൽകിയ അധ്യാപകർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ദിവ്യ നാരംഗ്, ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി ജയപാൽ ദെന്തെ, ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യം, ബോർഡ് വൈസ് ചെയർമാനും മബേല സ്‌കൂൾ ഡയറക്ടർ ഇൻ ചാർജുമായ സയ്യിദ് സൽമാൻ, മബേല സ്‌കൂൾ ഡയറക്ടർ ഇൻ ചാർജ് കൃഷ്‌ണേന്ദു, സീനിയർ പ്രിൻസിപ്പൽ ആൻഡ് എഡ്യൂക്കേഷൻ അഡ്വൈസർ വിനോഭ എം പി, മബേല സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി പ്രസിഡൻറ് ഷമീം ഹുസ്സൈൻ, സ്‌കൂൾ മാനേജ്‌മെന്റ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..