23 December Monday

മലയാളം മിഷൻ കണിക്കൊന്ന പഠനോത്സവം: ഷാർജ ചാപ്റ്ററിന് നൂറു മേനി വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ഷാർജ > മലയാളം മിഷന്‍ ഷാർജ ചാപ്റ്ററിന്റെ കണിക്കൊന്ന പഠനോത്സവത്തിൽ നൂറു മേനി വിജയം. കണിക്കൊന്ന കോഴ്സിലെ പഠനോത്സവത്തിൽ പങ്കെടുത്ത 126 പേരിൽ  117 പഠിതാക്കൾക്ക്  (92.86%) A + ഉം,  9 പഠിതാക്കൾക്ക് ( 7.14%) A ഗ്രേഡും ലഭിച്ചു.  17വിദ്യാർത്ഥികൾക്ക് 100-ൽ 100 മാർക്കും ലഭിച്ചു. ഷാർജ ചാപ്റ്റർ പരസ്പരം മീറ്റിങ്ങിൽ വെച്ച്  മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ സാന്നിധ്യത്തിൽ ഭാഷാദ്ധ്യാപകൻ സതീഷ് കുമാർ പഠനോത്സവത്തിന്റെ ഫല പ്രഖ്യാപനം ഔദ്യോഗികമായി നിർവഹിച്ചു. മലയാളം മിഷൻ അക്കാഡമിക് കോ ഓർഡിനേറ്റർ സാജു മാസ്റ്റർ , ഭാഷാദ്ധ്യാപകൻ സതീഷ് മാസ്റ്റർ, അക്കാഡമിക് കൗൺസിൽ അംഗവും, യു എ ഇ കോ ഓർഡിനേറ്ററുമായ കെ. എൽ. ഗോപി, മലയാളം മിഷൻ പി ആർ ഒ ആശ മേരി ജോൺ, എഴുത്തുകാരിയും, ഭൂമി മലയാളം എഡിറ്ററുമായ യു. സന്ധ്യ, ചാപ്റ്റർ സെക്രട്ടറി രാജേഷ് നെട്ടൂർ,  പ്രസിഡണ്ട് ശ്രീകുമാരി ആന്റണി, ചാപ്റ്റർ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ  ഫലപ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.  

ലോകമെമ്പാടും ഭാഷയെ കരുത്തുറ്റതാക്കി മാറ്റുന്നതിൽ മലയാളം മിഷന്റെ സന്നദ്ധ പ്രവർത്തകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും, ലോകത്തെവിടെയായിരുന്നാലും മലയാള മണ്ണിന്റെ വിങ്ങലും, തുടിപ്പും, വിചാരങ്ങളും ലോകമെമ്പാടുമുള്ള മലയാളികൾ ഉൾക്കൊള്ളുകയും ഐക്യപ്പെടുകയും ചെയ്യുന്നു എന്നുള്ളതിനുദാഹരണമാണ് വയനാടിന് ഒരു ഡോളർ പദ്ധതിയുടെ മാതൃകാപരമായ പൂർത്തീകരണം എന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. അരക്കോടിയിലധികം രൂപയാണ് കുട്ടികളും, ഭാഷാപ്രവർത്തകരും, രക്ഷിതാക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകിയത്. മികച്ച രീതിയിലുള്ള പിന്തുണയാണ് ഇക്കാര്യത്തിൽ യു എ ഇ യിൽ നിന്നും ഉണ്ടായത്. പത്താം തരത്തിന് തുല്യമായ സർട്ടിഫിക്കറ്റിന് യോഗ്യമാകും വിധം മലയാളം മിഷൻ കോഴ്‌സുകൾ ക്രമീകരിച്ചും, കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം മലയാളം പഠിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയും മലയാളം മിഷൻ ഭാഷയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  

പ്രവാസികളോടുള്ള കേരള സർക്കാരിന്റെ പ്രത്യേക കരുതലിന്റെ ഭാഗമായാണ് വിദേശ മലയാളികളുടെ കുട്ടികൾക്ക് ഭാഷ പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത് എന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു. പഠനോത്സവത്തില്‍ വിജയിച്ചവർ സൂര്യകാന്തി ഡിപ്ലോമ കോഴ്സിൽ തുടർ പഠനം നടത്തും.  ഷാർജ എമിറേറ്റിൽ മലയാളം മിഷൻ കോഴ്സിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ  050 3097209.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top