22 December Sunday

വയനാടിന് കൈത്താങ്ങായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കുട്ടികളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

മസ്‌കത്ത് > മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്‌കത്ത് മേഖലാ സുഗതാഞ്ജലി കാവ്യാലാപന മത്സരം ഓഗസ്റ്റ് 9ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം ഓഫീസ് ഹാളിൽ നടന്നു. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പതിനാറ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സമ്പാദ്യക്കുടുക്കകളുമായാണ് കുട്ടികൾ മത്സരത്തിനെത്തിയത്. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ അനുബന്ധ ആഘോഷങ്ങളെല്ലാം ഒഴിവാക്കി മത്സര പരിപാടികൾ മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു.

ജൂനിയർ വിഭാഗത്തിൽ  റൂവി പഠനകേന്ദ്രത്തിൽ നിന്നുള്ള ആലാപ് ഹരിദാസ് ഒന്നാം സ്ഥാനവും, സചേത് വിജയൻ രണ്ടാം സ്ഥാനവും, ഫാത്തിമ സിയ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ധ്യാനാ നിധീഷ്‌കുമാർ  ഒന്നാം സ്ഥാനവും, ബിലാൽ ദാവൂദ് രണ്ടാം സ്ഥാനവും, അവന്തിക പ്രിയേഷ് മൂന്നാം സ്ഥാനവും നേടി. മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ചു വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും, സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴക്കവിതകളുമായിരുന്നു ഇത്തവണത്തെ മത്സരത്തിൽ ആലപിക്കേണ്ടിയിരുന്നത്.

മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ, ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗം നിധീഷ്‌കുമാർ, മലയാളം മിഷൻ ജോയിൻറ് സെക്രട്ടറിമാർ, മിഷൻ അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. മേഖലാ തല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികൾ ഈ മാസം അവസാനത്തിൽ സംഘടിപ്പിക്കുന്ന ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുക്കുമെന്ന് മസ്‌കത്ത് മേഖലാ കോ-ഓർഡിനേറ്റർ സുനിത്ത് തെക്കടവൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top