05 December Thursday

മലയാളം മിഷൻ പഠനോത്സവ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

അബുദാബി > മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിലുള്ള കേരള സോഷ്യൽ സെന്റർ, അബുദാബി സിറ്റി, ഷാബിയ എന്നീ മേഖലകളിൽ നിന്നും പഠനോത്സവ വിജയികളായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലയാളം മിഷന്റെ പാഠ്യപദ്ധതിയായ കണിക്കൊന്ന കോഴ്‌സിൽ നിന്നും പഠനോത്സവത്തിൽ പങ്കെടുത്ത 97 വിദ്യാർത്ഥികളും, സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിൽ നിന്നും പങ്കെടുത്ത 74 വിദ്യാർത്ഥികളും ആമ്പൽ ഹയർ ഡിപ്ലോമ കോഴ്‌സിൽ നിന്നും പങ്കെടുത്ത 35 വിദ്യാർത്ഥികളും വിജയിച്ചുകൊണ്ട് 100 ശതമാനം വിജയം ചാപ്റ്റർ കൈവരിച്ചിരുന്നു. യുഎഇയിൽ നിന്നും ആദ്യമായാണ് ആമ്പൽ പഠനോത്സവം സംഘടിപ്പിച്ചത്.

പഠനോത്സവത്തെ തുടർന്ന് ഉപരി പഠനത്തിന് അർഹതനേടിയവർക്കുള്ള പാഠപുസ്തകങ്ങൾ സൗജന്യാമായി വിതരണം ചെയ്തു. കൂടാതെ, മലയാളം മിഷൻ അധ്യാപകർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബാഡ്ജും പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു. മലയാളം മിഷൻ കേരള സോഷ്യൽ സെന്റർ മേഖല കോർഡിനേറ്റർ പ്രീത നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ കെ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, സെക്രട്ടറി ബിജിത്കുമാർ, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, അബുദാബി സിറ്റി മേഖല കോർഡിനേറ്റർ രമേശ് ദേവരാഗം, ഷാബിയ കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ  എന്നിവർ സംസാരിച്ചു.

യുഎഇയുടെ 53-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ ദേശീയപതാകയെ അനുസ്മരിക്കും വിധമുള്ള ചതുർവർണ്ണങ്ങളിലുള്ള ഷാൾ അണിയിച്ചുകൊണ്ടായിരുന്നു അതിഥികളെ സ്വീകരിച്ചത്. മലയാളം മിഷൻ അധ്യാപകർ അവതരിപ്പിച്ച അവതരണഗാനവും, വിദ്യാർത്ഥികൾ അവതരിപ്പിച്ച കവിതാവിഷ്കാരവും, ലോക മലയാളികളുടെ  വ്യത്യസ്തമായ വസ്ത്രധാരണ രീതികൾ പരിചയപ്പെടുത്തിയ ഫാഷൻഷോ എന്നിവ ശ്രദ്ധേയമായി. കലാപരിപാടികൾക്ക് നിസി, ഹനിന, വൈഷ്‌ണ, സ്മിത, മുനീറ, ഭാഗ്യസരിത, ഷൈനി എന്നീ മലയാളം മിഷൻ അധ്യാപകർ നേതൃത്വം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top