ന്യൂ സൗത്ത് വെയിൽസ്> കടൽ കടന്നാലും മനസ്സിലെ ക്രിക്കറ്റ് കമ്പം അടക്കി വയ്‌ക്കാനാകില്ലല്ലോ. അതിപ്പോ, അങ്ങ് ആസ്‌ട്രേലിയയിൽ ആണെങ്കിലും. ജോലിക്കും പഠനത്തിനുമായെല്ലാം ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ എത്തിയ ക്രിക്കറ്റ് സ്‌നേഹികളായ മലയാളികൾ ഒന്നിച്ചപ്പോൾ പിറന്നത് ഒരു മലയാളി ക്രിക്കറ്റ് ക്ലബ്ബ്. ആദ്യ ടൂർണമെന്റിൽ തന്നെ വിജയം നേടി മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘ടാരി റോയൽസ്’ തങ്ങളുടെ വരവറിയിക്കുകയും ചെയ്‌തു.
ടാരിയിലും സമീപ പ്രദേശമായ ഫോർസ്റ്ററിലുമുള്ള മലയാളികൾ ചേർന്ന് മാസങ്ങൾക്ക് മുമ്പാണ് ടീം രൂപീകരിച്ചത്. ടാരിയിലുള്ള റിക്രിയേഷണൽ ഗ്രൗണ്ടിലാണ് പരിശീലനം. ടൂർണമെന്റിന് വേണ്ടി മാസങ്ങൾ നീണ്ട പരിശീലനത്തിലായിരുന്നു ടീമംഗങ്ങൾ. പോർട്ട് മക്യുറിയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനലിൽ ലിസ്മോർ ടീമിനെ പരാജയപ്പെടുത്തിയാണ് ടാരി റോയൽസ് തങ്ങളുടെ പ്രഥമ കിരീടം നേടിയത്.
ആദ്യ ടൂർണമെന്റിൽ തന്നെ വിജയിച്ചതോടെ ഇവിടെയുള്ള മലയാളി ക്രിക്കറ്റ് ആരാധകർ വലിയ സന്തോഷത്തിലാണ്. സമീപ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പൂർണ പിന്തുണയും ക്ലബ്ബിനുണ്ട്. കൂടുതൽ ടൂർണമെന്റുകൾ വിജയിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള ശ്രമത്തിലാണ് ഓരോ ടീമംഗങ്ങളെന്നും കോട്ടയം കടനാട് മേരിലാന്റ് സ്വദേശിയായ മാത്യൂസ് സേവ്യർ പറഞ്ഞു. ക്ലബ്ബിന് എല്ലാവരിൽ നിന്നും പിന്തുണയും പ്രോത്സാഹനവും സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..