ഷാർജ > യുഎഇയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച മേളം 2024 മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, പായസ മത്സരം, ഘോഷയാത്ര, ശിങ്കാരിമേളം, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയോടൊപ്പം 4000 ത്തോളം ആളുകൾ പങ്കെടുത്ത ഓണ സദ്യയും മേളം 2024 നോടനുബന്ധിച്ച് ഒരുക്കിയിരുന്നു. അജ്മാൻ, ഷാർജ, ഉം അൽ ക്വയിം എന്നീ എമിറേറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് മാസ് മേളം 2024 ൽ ഒത്തുചേർന്നത്.
പൊതുസമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷയായി. നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ ആക്ടിങ് പ്രസിഡൻറ് ഗിരീഷ്, മാസ് സ്ഥാപക പ്രസിഡൻറ് ടി കെ അബ്ദുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെൻട്രൽ കമ്മറ്റി ജോ. സെക്രട്ടറി ഷമീർ നന്ദി പ്രകാശിപ്പിച്ചു.
2024 ലെ സത്യജിത് റായ് ഗോൾഡൻ ആർക്ക് ഫിലിം അവാർഡിൽ മികച്ച ചിത്രത്തിനും, മികച്ച അഭിനയത്തിനും അംഗീകാരം കരസ്ഥമാക്കിയ മാസ് അംഗം വിനോദ് മുള്ളേരിയയെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. മാസ് ഇൻഡസ്ട്രിയൽ മേഖല മെമ്പർ രതീഷ് ബാളൂർ വരച്ച ചിത്രം മന്ത്രിക്ക് ചടങ്ങിൽ വെച്ച് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..