18 December Wednesday

പറക്കും ടാക്‌സി സർവീസുകൾ നടത്താനായി കൂടുതൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

ദുബായ് > യുഎഇയിൽ പറക്കും ടാക്‌സി സർവീസുകൾ ആരംഭിക്കാൻ കൂടുതൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ കമ്പനികളുമായുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും തീരുമാനത്തിലെത്തുന്ന മുറയ്ക്ക് വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) വ്യോമയാന സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എഞ്ചിനീയർ അഖീൽ അൽ സറൂനി പറഞ്ഞു.

അബുദാബിയും ദുബായും ഇടയിൽ ഗതാഗത്തിനായി  പറക്കും കാർ നിർമാതാക്കളായ ആർച്ചർ, ജോബി എന്നിവരുമായി ചേർന്ന് അടുത്ത വർഷം ആദ്യം എയർ ടാക്സി സേവനങ്ങൾ ആരംഭിക്കാൻ നേരത്തേ കരാറിലെത്തിയിരുന്നു. രാജ്യത്ത് പരിസ്ഥിതി സൗഹൃദ ആധുനിക ഗതാഗത സംവിധാനം അവതരിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പറക്കും ടാക്‌സികൾ സർവീസുമായി എത്തുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പറക്കും ടാക്സികൾ അവതരിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടും.

പറക്കും കാറുകൾ ഒരു പുതിയ സാങ്കേതികവിദ്യയായതിനാൽ, നിർമാതാക്കൾക്കും റെഗുലേറ്റർമാർക്കും ഓപ്പറേറ്റർമാർക്കും ഇതുമായി മുന്നോട്ടുപോകുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറക്കും കാറുകൾ കൈകാര്യം ചെയ്യുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ. പറക്കും കാറുകളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും യുഎഇ താമസിയാതെ പരിഷ്‌ക്കരിക്കും. കഴിഞ്ഞ വർഷം, ഫ്‌ളൈയിങ് ടാക്‌സികൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള വെർട്ടിപോർട്ടുകളുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് യുഎഇ രൂപം നൽകിയിരുന്നു. വെർട്ടിപോർട്ടുകൾ എങ്ങനെ സർട്ടിഫൈ ചെയ്യുകയും സുരക്ഷിതമായി പ്രവർത്തിക്കുകയും ചെയ്യും എന്നതിനെക്കുറിച്ച് സമഗ്രമായ ധാരണ യുഎഇക്കുണ്ടെന്നും അൽ സറൂനി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top