22 December Sunday

കേരളത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാൻ പ്രവാസികൾ പതിജ്ഞാബദ്ധരാകണം: മുരുകൻ കാട്ടാക്കട

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

മലയാളം മിഷൻ അബുദാബി ചാപ്റ്ററും കേരള സോഷ്യൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിരിവിദിനാഘോഷത്തിൽ നിന്ന്

അബുദാബി > മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച എല്ലാ ഭരണകർത്താക്കളെയും നവോത്ഥാന നായകരെയും സ്മരിക്കേണ്ട ദിവസം കൂടിയാണ് കേരളപ്പിറവി ദിനമെന്നും അതുകൊണ്ട് തന്നെ കേരളത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാൻ പ്രവാസികളായ ഓരോ മലയാളികളും പ്രതിജ്ഞാബദ്ധരാണെന്നും കവി മുരുകൻ കാട്ടാക്കട. കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മലയാളം മിഷൻ ഡയറക്ടർ കൂടിയായ അദ്ദേഹം.

സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ആമ്പൽ വിദ്യാർത്ഥിനി ജയനന്ദന രതീഷ് ചൊല്ലിക്കൊടുത്ത എം ടി വാസുദേവൻനായർ രചിച്ച ഭാഷാപ്രതിജ്ഞയോടെയാണ് ആരംഭിച്ചു. മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി എം സലിം, ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ എന്നിവർ പരിപാടിക്ക്‌ ആശംസകൾ അറിയിച്ചു. ചടങ്ങിൽ കഴിഞ്ഞ മാസം സംഘടിപ്പിച്ച സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ ക്ലാസുകളിലേക്ക് നടന്ന ലാറ്റർ എൻട്രി പഠനോത്സവത്തിന്റെ റിസൾട്ട് മലയാളം മിഷൻ പ്രസിഡന്റ് വി പി കൃഷ്ണകുമാർ പ്രഖ്യാപിച്ചു.

2024-2026 പ്രവർത്തന വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭാരവാഹികളുടെ പേരുവിവരങ്ങൾ മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ പ്രഖ്യാപിച്ചു. ചടങ്ങിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് ആർ ശങ്കർ നന്ദിയും പറഞ്ഞു.

മെയ് മാസത്തിൽ നടന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോത്സവങ്ങളുടെ സർട്ടിഫിക്കറ്റുകളും, മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് വർഷവും മൂന്ന് വർഷവും പൂർത്തിയാക്കിയ അധ്യാപകർക്കായുള്ള മോമെന്റോകളും സമ്മാനിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ സോഷ്യൽ സെന്ററിൽ കേരള സോഷ്യൽ സെന്റർ പ്രവർത്തകർ അവതരിപ്പിച്ച 'ദി പ്യൂപ്പിൾ ഓഫ് ഇന്ത്യ' എന്ന ചിത്രീകരണത്തിൽ പങ്കെടുത്തവരെയും, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അഹല്യ മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച സംഘഗാനമത്സരത്തിലും, ഉമ്മുൽ ഖ്വയിൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തിരുവാതിര മത്സരത്തിലും സമ്മാനം നേടിയ സെന്റർ വനിതാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് മലയാളം മിഷൻ കുട്ടികൾ അവതരിപ്പിച്ച 'മനസ്സ് നന്നാകട്ടെ" എന്ന പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച കലാപാരിപാടികളിൽ വിദ്യാർത്ഥികളും അധ്യാപകരും കേരള സോഷ്യൽ സെന്റർ കലാവിഭാഗവും ചേർന്ന് വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top