26 December Thursday

പാർക്കിംഗ് ഫൈൻ ക്യാൻസലേഷൻ സംവിധാനവുമായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

മസ്ക്കറ്റ് > പാർക്കിംഗ് ഫൈൻ സംവിധാനത്തിൽ ജനോപകാരപ്രദമായ പുതിയ ഫീച്ചർ കൂട്ടിച്ചേർത്ത്  മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. പുതിയ അപ്‌ഡേറ്റ്  പൂർണമായും നടപ്പിലാക്കുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ ദേശാഭിമാനിയോടു പറഞ്ഞു. പാർക്കിംഗ് ഫൈൻ ലഭിച്ച്, അഞ്ചു മിനിറ്റിനുള്ളിൽ പാർക്കിംഗ് ടിക്കറ്റ് എടുക്കുന്നവരുടെ ഫൈൻ സ്വയമേവ ക്യാൻസൽ ആവുകയും, കൺഫർമേഷൻ സന്ദേശം എസ് എം എസ്സ് ആയി ലഭിക്കുകയും ചെയ്യും.
 
മുനിസിപ്പാലിറ്റി അംഗീകൃത പാർക്കിംഗ് ഇടങ്ങളിൽ പാർക്കിംഗ് ടിക്കറ്റ് റിസർവ്വ് ചെയ്യാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ, പാർക്കിംഗ് ഇൻസ്‌പെക്ടർമാർ 'പാർക്കിംഗ് വയലേഷൻ ഇൻസ്‌പെക്ഷൻ ആപ്പ്' ഉപയോഗിച്ച് നമ്പർ പ്ളേറ്റ് പരിശോധിക്കുകയും, ഫൈൻ ചുമത്തുകയും ചെയ്യും. ഫൈൻ റെസീപ്റ്റ് വാഹനത്തിൻറെ വിൻഡ്ഷീൽഡിൽ പതിപ്പിച്ച് പോകാറാണ് പതിവ്. ഇങ്ങനെ ഫൈൻ റെസീപ്റ്റുകൾ കാണുന്നവർ റെസീപ്റ്റിലെ വയലേഷൻ സമയം പരിശോധിച്ച്, ഫൈൻ ലഭിച്ചിരിക്കുന്നത് അഞ്ചു മിനിറ്റിനുള്ളിലാണ് എന്ന് ബോധ്യപ്പെട്ടാൽ ഉടൻ ടിക്കറ്റ് റിസർവേഷൻ എസ് എം എസ് അയച്ചാൽ, അത് ക്യാൻസൽ ചെയ്തെടുക്കാൻ സാധിക്കും. പാർക്കിംഗ് ഫൈനുകൾ സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന്  നിരന്തരം ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സൗകര്യമേർപ്പെടുത്തിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
 
പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു മാറ്റമാണിത്. കുറച്ചു സമയത്തേക്ക് മാത്രം പാർക്ക് ചെയ്തു പോവുകയോ, മറ്റു മറ്റെന്തെങ്കിലും കാരണത്താൽ പാർക്കിംഗ് ടിക്കറ്റ് എടുക്കാൻ മറന്നു പോവുകയോ ചെയ്യുന്നവർക്ക് ഇതൊരു വലിയ അനുഗ്രഹമാണ്. അരമണിക്കൂർ പാർക്കിംഗ് റിസർവ്വ് ചെയ്യുന്നതിന് മുനിസിപ്പാലിറ്റി ഈടാക്കുന്നത് 110 ഒമാനി ബൈസ മാത്രമാണ്. എന്നാൽ പാർക്കിംഗ് ഫൈൻ ആയി അടക്കേണ്ടി വരുന്നത് 10 ഒമാനി റിയാലാണ്. ഏകദേശം പത്തിരട്ടിയോളം വരുമിത്. നിസ്സാരമായ അശ്രദ്ധയോ ഒഴിവാക്കാൻ സാധിക്കാത്ത മറ്റു കാരണങ്ങളാലോ വലിയ ഒരു തുക നഷ്ട്ടപെടുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങളെ സഹായിക്കുകയും, പാർക്കിംഗ് റിസർവ്വ് ചെയ്യാൻ അവർക്ക് ഒരവസരം കൂടി നൽകുകയുമാണ് നഗരഭരണസംവിധാനത്തിൻറെ ഉദ്ദേശമെന്നും അധികൃതർ വ്യക്തമാക്കി.
 
മറ്റേതൊരു തലസ്ഥാന നഗരത്തേയും പോലെ മസ്‌ക്കറ്റും പാർക്കിംഗ് ഇടങ്ങളുടെ കാര്യത്തിൽ വല്ലാതെ വീർപ്പു മുട്ടുകയാണ്. വാഹനങ്ങളുടെ എണ്ണത്തിൽ ഓരോ വർഷവുമുണ്ടാകുന്ന അനിയന്ത്രിതമായ വർദ്ധനവ് തന്നെയാണ് പ്രധാന കാരണം. മസ്ക്കറ്റിലെ ഒട്ടുമിക്ക പാർക്കിംഗ് ഇടങ്ങളും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്. അവിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സമയ പരിധി കണക്കാക്കിയാണ്  നാമമാത്രമായ ഒരു തുക പാർക്കിംഗ് ഫീസായി ഈടാക്കുന്നത്. മുൻകാലങ്ങളിൽ പാർക്കിംഗ് ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ പൂർണമായും ഒഴിവാക്കി, എസ് എം എസ് വഴിയാണ് ഇപ്പോൾ പാർക്കിംഗ് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത്.
 
പെയ്‌ഡ്‌ പാർക്കിംഗ് ആരംഭിക്കുന്നത് രാവിലെ എട്ടുമണി മുതലാണ്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലു മണിക്കുമിടയിൽ പാർക്കിംഗ് സൗജന്യമാണ്. പെയ്‌ഡ്‌ സേവനം വൈകുന്നേരം അഞ്ചു മണിക്ക് പുനരാരംഭിച്ച് രാത്രി ഒൻപത് മണി വരെ തുടരും. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പാർക്കിംഗ് പൂർണമായും സൗജന്യമാണ്. 90091 എന്ന നമ്പറിലേക്ക് വാഹന നമ്പറും,  കോഡും, പാർക്കിംഗ് സമയവും എസ് എം എസ് അയച്ചാണ് പാർക്കിംഗ് റിസർവ്വ് ചെയ്യാൻ സാധിക്കുക. ഒരു മാസത്തേയ്‌ക്കോ ഒന്നിലധികം മാസങ്ങളിലേക്കോ ഒരുമിച്ച് പാർക്കിംഗ് ഇടങ്ങൾ റിസർവ്വ് ചെയ്യുന്ന പാർക്കിംഗ് പെർമിറ്റ് സൗകര്യവും നിലവിലുണ്ട്.
 
പാർക്കിംഗ് ഇൻസ്‌പെക്ടർമാർ വാഹനവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്ന സംവിധാനത്തിൽ നിന്ന് മാറി വാഹനത്തിൻറെ പ്ളേറ്റ് അപ്പാടെ തന്നെ റീഡ് ചെയ്യുന്ന രീതിയിൽ 'പാർക്കിംഗ് വയലേഷൻ ഇൻസ്‌പെക്ഷൻ ആപ്പ്' നേരത്തെ അപ്‌ഡേറ്റ് ചെയ്തിരുന്നു. സൗജന്യ പാർക്കിംഗ് വേളകളിൽ ടിക്കറ്റ് റിസർവ്വേഷൻ എസ് എം എസ് അയക്കുന്നവർക്ക് നിലവിൽ, പാർക്കിംഗ് സേവനം തുടങ്ങുന്ന സമയം വരെ കാത്തിരിക്കാനുള്ള അറിയിപ്പാണ് ലഭിക്കുന്നത്. എട്ടു മണിക്കു മുൻപായി ഓഫീസിൽ പ്രവേശിക്കേണ്ടി വരിക, മീറ്റിങ്ങുകൾക്കിടയിൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാതെ വരിക തുടങ്ങി നിരവധി കാരണങ്ങളാൽ എട്ടു മാണിക്കോ, നാലുമണിക്കോ ശേഷം മാത്രം എസ് എം എസ് അയച്ച് പാർക്കിംഗ് റിസർവ്വ് ചെയ്യാനുള്ള സാവകാശം ലഭിക്കാതിരിക്കുന്നവർക്ക് ഉപകാരപ്രദമായ നിലയിൽ 'ഷെഡ്യൂൾഡ് ടിക്കറ്റിങ്' സംവിധാനവും മറ്റനേകം ഫീച്ചറുകളും ആലോചനയിലുണ്ടെന്ന് അധികൃതർ ദേശാഭിമാനിയോടു പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top