മസ്‌ക്കത്ത് > നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങളും സേവനങ്ങളും മിതമായും വിവേചനബുദ്ധിയോടെയും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെയും രാജ്യ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കാതെയും പ്രയോജനപ്പെടുത്തേണ്ടതിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ദേശീയ നയം ഒമാൻ പുറത്തിറക്കി. നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ എല്ലാ പ്രവർത്തങ്ങനളെയും ഏകോപിപ്പിക്കുകയും, ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് നയത്തിൻറെ ലക്‌ഷ്യം. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്താൻ വിവരസാങ്കേതിക മന്ത്രാലയം പ്രതിനിധി നടപടികൾ തുടങ്ങി. ഓഗസ്ത് 2 മുതൽ 28 വരെ പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
സമൂഹത്തിലെ എല്ലാ തുറകളെയും സ്പർശിക്കുന്ന തലത്തിലുള്ള സമഗ്രമായ നയമാണ് മന്ത്രാലയം വിഭാവനം ചെയ്തിരിക്കുന്നത്. പൊതുസമൂഹത്തിലെ വിവിധ മേഖലകളിലെ വിദഗ്ധാഭിപ്രായങ്ങൾ അറിയുക എന്നത് പ്രധാനമാണ്. ഇതിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള സർവ്വേ ചോദ്യങ്ങൾ പരിശോധിച്ച് അവയ്ക്ക് ഉത്തരങ്ങൾ നൽകാവുന്നതാണ്. നയരേഖയുടെ കരട് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അത് വിശകലനം ചെയ്യുന്നത് ഈ പ്രക്രിയയെ കുറേക്കൂടി സുഗമമാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം അറിയിക്കുന്നു.
2021ൽ ആരംഭിച്ച ഡിജിറ്റൽ ഇക്കോണമി പ്രോഗ്രാമിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനം നിലവിൽ രണ്ടു ശതമാനമാണ്. 2040 ഓടെ ഇത് പത്തു ശതമാനത്തിലേക്ക് എത്തിക്കുക എന്നതും നയത്തിൻറെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നാണ്. നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ നിക്ഷേപങ്ങൾ ഇതിനകം തന്നെ ഏകദേശം 250 മില്യൺ ഡോളർ കടന്നിട്ടുണ്ടെന്നും, സ്റ്റാർട്ടപ്പുകളുടെ വരുമാനത്തിൻറെ ഭാഗമായി 78 മില്യൺ ഡോളറിൻറെ അധികവരുമാനം ഉണ്ടായിട്ടുള്ളതായും വിവര സാങ്കേതിക മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..