21 December Saturday

രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന പുതിയ രഹസ്യ സംഘടന കണ്ടെത്തി യുഎഇ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ദുബായ് >  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറ്റോർണി ജനറലിൻ്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന പുതിയ രഹസ്യ സംഘടനയെ കണ്ടെത്തി. റിഫോം കോൾ ഓർഗനൈസേഷൻ്റെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് പുതിയ സംഘടന. റിഫോം കോളിനെ മുസ്ലിം ബ്രദർ ഹുഡിനോട് ചേർന്ന് നിൽക്കുന്ന തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.

2013 ൽ റിഫോം കോളിനെ നിരോധിച്ചിരുന്നു. എന്നാൽ സംഘടനയെ പുനരുജ്ജീവിപ്പിക്കാനും അതേ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് പുതിയ രഹസ്യ സംഘടന രൂപീകരിച്ചത്. 2013ൽ വിചാരണ ചെയ്യപ്പെടുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്ത രണ്ട് പ്രധാന ഗ്രൂപ്പുകളെ സുരക്ഷാ ഏജൻസിയുടെ നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞു. ഈ ഗ്രൂപ്പുകൾ, അധിക അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ഒരു പുതിയ സംഘടന സ്ഥാപിക്കുകയും ചെയ്തതായി കണ്ടെത്തി. യുഎഇ ആസ്ഥാനമായുള്ള ചില സ്രോതസ്സുകളിൽ നിന്നും മറ്റ് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും അവർക്ക് ധനസഹായം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ സംഘടന മറ്റ് തീവ്രവാദ സ്ഥാപനങ്ങളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും അവരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും വിദേശത്ത് അവരുടെ പ്രവർത്തനങ്ങൾ സുരക്ഷിതമാക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും വിവിധ മേഖലകൾ ഉപയോഗിക്കുന്നുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.

2014 മുതൽ തീവ്രവാദ സംഘടനയായി തരംതിരിക്കപ്പെട്ട കോർഡോബ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഇവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. വിദേശത്ത് താമസിക്കുന്ന മുസ്ലീം ബ്രദർഹുഡ് നേതാവ് അനസ് അൽ-തികൃതിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ യുഎഇ എംബസികൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top