22 December Sunday

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണം: യുഎഇ വനിതകലാസാഹിതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

യുഎഇ> ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് ഏറെ ആശ്വാസകരമെന്ന് യുഎഇ വനിതകലാസാഹിതി. എരിവും പുളിയും മാത്രം താല്പര്യമുള്ള നമ്മുടെ മാധ്യമങ്ങൾ ഈ മേഖലയിലെ ലൈംഗിക പീഡനങ്ങളെ മാത്രം വാർത്തയാക്കുകയും തൊഴിൽപരമായ അസമത്വങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഒരു വ്യവസായം എന്ന രീതിയിൽ വേണ്ടത്ര പുരോഗമിക്കുകയും ട്രേഡ് യൂണിയൻ സംസ്കാരം സിനിമയിൽ ആവശ്യത്തിന് വളരുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേരളം ഏതോ കാലത്ത് തള്ളിക്കളഞ്ഞ ഫ്യൂഡൽ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാ മേഖല ഇന്നും പ്രവർത്തിക്കുന്നത്.

അടിസ്ഥാനപരമായ ഇത്തരം വിഷയങ്ങളെ ഗൗരവതലത്തിൽ സമീപിക്കുകയും ഈ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന എല്ലാ മനുഷ്യർക്കും ആത്മാഭിമാനത്തോടുകൂടി തൊഴിലെടുക്കാനുള്ള സാഹചര്യമുണ്ടാക്കുവാനും ഉതകുന്ന വിധത്തിൽ ശക്തമായ നടപടികളും നിയമനിർമാണവും ഉണ്ടാവേണ്ടതുണ്ട്. കേരള സർക്കാരിൻറെ നടപടികൾ സ്ത്രീകളിൽ പൊതുവിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്. കൂടുതൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് വനിതാകലാസാഹിതി യുഎഇ ആവശ്യപ്പെട്ടു.

അതോടൊപ്പം തന്നെ ഭരണരംഗത്തോ നിയമനിർമ്മാണ രംഗത്തോ ഉള്ള ആളുകൾക്ക് ഏതെങ്കിലും തരത്തിൽ സംരക്ഷണം ഒരുക്കുന്നത് അസ്വീകാര്യമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തുന്നവർക്ക് കളങ്കരഹിതമായ പശ്ചാത്തലം ഉണ്ട് എന്ന് രാഷ്ട്രീയ കക്ഷികൾ ഉറപ്പാക്കേണ്ടതുണ്ട് എന്നും ഈ സംഭവങ്ങൾ നമ്മോട് പറയുന്നതായി വനിതാ കലാസാഹിതി യുഎഇ അഭിപ്രായപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top