22 December Sunday

സൂർ മറൈൻ സ്പോർട്സ് ഫെസ്റ്റിവലിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

മസ്‌ക്കത്ത് > ഒമാനിലെ ദക്ഷിണ ഷർഖിയ ഗവർണറേറ്റിൻറെ തലസ്ഥാനവും തുറമുഖ നഗരവുമായ സൂറിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്ന സൂർ മറൈൻ ഫെസ്റ്റിവലിന് സമാപനം. ഒമാൻറെ തനത് വള്ളം കളി മത്സരത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. സ്റ്റേറ്റ് കൗൺസിൽ അംഗം ഡോ. റാഷിദ് ബിൻ മൊഹമ്മദ് അൽ ഗൈലാനി സമാപനച്ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഓഗസ്റ്റ് 18 മുതൽ 28 വരെ വൈവിധ്യമാർന്ന ജലകേളികൾ ഉൾപ്പെടുത്തി മോക്ക ബീച്ചിലായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. ഒമാനി സെയിലിംഗ് ചാമ്പ്യൻഷിപ്പ് ഉൾപ്പടെ നിരവധി നീന്തൽ, തുഴച്ചിൽ മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവരുടെ നീന്തൽ മത്സരത്തിൽ മൊഹമ്മദ് ബിൻ സാലെം അൽ അലവി ഒന്നാം സ്ഥാനവും അബ്ദുള്ള ബിൻ മൊഹമ്മദ് അൽ അറൈമി രണ്ടാം സ്ഥാനവും, അമൻ അമാൻ മൂന്നാം സ്ഥാനവും നേടി. പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ നാസർ ബിൻ സെയ്ഫ് അൽ കിണ്ടി ഒന്നാം സ്ഥാനവും,  മൊഹമ്മദ് ബിൻ അഹമദ് അൽ ഗൈലാനി രണ്ടാം സ്ഥാനവും, ഖാലിദ് ബിൻ ഖൽഫാൻ അൽ ജഹ്‌ദാമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സര ഇനങ്ങൾ വീക്ഷിക്കാനും,  പ്രദർശനസ്റ്റാളുകൾ സന്ദർശിക്കാനുമായി തദ്ദേശീയരുൾപ്പടെ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വലിയ സാന്നിദ്ധ്യം സൂറിൽ ദൃശ്യമായിരുന്നതായി അധികൃതർ പറഞ്ഞു. ഈ വർഷത്തെ അറബ് ടൂറിസം തലസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട സൂർ വിനോദസഞ്ചാരികളെ ആകർഷിക്കാനായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. വരും മാസങ്ങളിലും മേഖല കേന്ദ്രീകരിച്ച് വിപുലവും വൈവിധ്യപൂർണ്ണവുമായ നിരവധി പദ്ധതികൾ ആലോചനയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top