മസ്‌ക്കത്ത് > സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ യുണെസ്കോ ആസ്ഥാനമായ പാരിസിൽ നടക്കുന്ന യുനെസ്‌കോ ഡിജിറ്റൽ ലേണിംഗ് വീക്ക് അന്താരാഷ്ട്ര കോൺഫറൻസിൽ ഒമാൻ പങ്കെടുക്കുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികളാണ് കോൺഫറൻസിൽ ഒമാനെ പ്രതിനിധാനം ചെയ്യുന്നത്. 'ഡയറക്‌ടിംഗ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ' എന്നതാണ് കോൺഫറൻസിന്റെ മുദ്രാവാചകം.
ഈ മേഖലയുമായി ബന്ധപ്പെട്ട് എല്ലാവർഷവും സംഘടിപ്പിക്കപ്പെടുന്ന സുപ്രധാനമായ ഒരു സമ്മേളനപരിപാടിയാണിത്. ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, എൻ ജി ഓ കാൾ, സ്വകാര്യ മേഖലയിൽ നിന്നുള്ളവർ തുടങ്ങി ഡിജിറ്റൽ എഡ്യൂക്കേഷൻ, നയരൂപീകരണം, ഗവേഷണം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കൂടിച്ചേരലാണ് ഡിജിറ്റൽ ലേണിങ് വീക്ക്.
വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക, നിർമ്മിത ബുദ്ധിയുടെ വിവേകപൂർവ്വമായ ഉപയോഗവും വിദ്യാഭ്യാസത്തിൽ അതിൻറെ നിലവിലെ സ്വാധീനവും വിലയിരുത്തുക, അധ്യാപകരെയും വിദ്യാർത്ഥികളെയും ക്രിയാത്മകമായ നിർമ്മിതബുദ്ധി ഉപയോഗത്തിലേക്ക് നയിക്കുക തുടങ്ങി നിരവധി വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും. 'സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ശരിയായ ഇടപെടൽ' എന്ന വിഷയത്തിൽ ഒമാൻ പ്രതിനിധികൾ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്ന അണ്ടർ സെക്രട്ടറി മജീദ് സെയ്ദ് അൽ ബഹ്‌റി യുണെസ്കോ വിദ്യാഭ്യാസ അസിസ്റ്റന്റ് ജനറലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..