22 November Friday

ഏഴരലക്ഷത്തിലേറെ പ്രവാസികൾ ബയോമെട്രിക് രജിസ്റ്റർ ചെയ്യാൻ ബാക്കി: സമയപരിധി ഡിസംബർ 31 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

കുവൈത്ത്  സിറ്റി>  കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ ഏഴരലക്ഷത്തോളം പ്രവാസികൾ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം.

ഇതുവരെ 3,032,971 വ്യക്തികൾ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 754,852 പ്രവാസികൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്. കുവൈത്ത് പൗരന്മാർക്ക് രജിസ്‌ട്രേഷന് അനുവദിച്ച നമയപരിധി സെപ്തംബർ അവസാനം വരെയായിരുന്നു. എന്നാൽ പ്രവാസികളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് മന്ത്രാലയം അവർക്ക് ഡിസംബർ 31വരെ സമയം നീട്ടിനൽകുകയായിരുന്നു. രാജ്യത്തെ മുഴുവൻ പ്രവാസികളും ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പേഴ്സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ താമർ ദഖിൻ അൽ മുതൈരി പറഞ്ഞു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ്, പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ്, ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്റ എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകൾ, അലി സബാഹ് അൽ സാലിം, ജഹ്റ ഏരിയ എന്നിവിടങ്ങളിലെ കോർപറേറ്റ് വിരലടയാളത്തിനുള്ള പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ എവിടെ എത്തിയാലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും ലെഫ്റ്റനന്റ് കേണൽ താമർ ദഖിൻ അൽ മുതൈരി അറിയിച്ചു.

രജിസ്റ്റർ ചെയ്യേണ്ട താമസക്കാർക്ക് സർക്കാർ ആപ്ലിക്കേഷൻ 'സഹൽ' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മെറ്റാ ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവർ മുൻകൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കണം. മുൻകൂർ അപ്പോയിൻമെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ബയോമെട്രിക് രജിസ്‌ട്രേഷൻ സാധ്യമാകില്ല. നിശ്ചിത സമയത്തിനുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക് സർക്കാർ, ബാങ്കിങ് ഇടപാടുകൾ തടയപ്പെടുമെന്നും കേണൽ അൽ മുതൈരി ഓർമ്മപ്പെടുത്തി. സമയപരിധി അടുക്കുമ്പോൾ, എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും എന്നതിനാൽ അവസാനത്തേക്ക് വരെ കാത്തുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top